പി.എസ്.സി: കാഴ്ചപരിമിതർക്കും സേവനകേന്ദ്രങ്ങൾ ഒരുക്കണം
കൊച്ചി: പി.എസ്.സി ഓൺലൈൻ അപേക്ഷാപ്രക്രിയയുടെ സങ്കീർണതയും സാങ്കേതികതയും കാഴ്ചപരിമിതരടക്കമുള്ള ഭിന്നശേഷിക്കാർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതായി ഹൈക്കോടതി. ഇവർക്കുവേണ്ടി സേവനകേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാരിനും പി.എസ്.സിക്കും ബാദ്ധ്യതയുണ്ടെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് പി.എം. മനോജും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഒരു ഉത്തരവിനെതിരെ പി.എസ്.സി സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഹൈക്കോടതി നിർദ്ദേശം.
പൂർണമായും അന്ധയായ കോട്ടയം സ്വദേശിനിയുടെ അപേക്ഷ 2020ൽ പി.എസ്.സി നിരസിച്ച സംഭവമുണ്ടായിരുന്നു. യു.പി അദ്ധ്യാപിക തസ്തികയിലേലെക്കുള്ള അപേക്ഷയിൽ ‘കെടെറ്റ്’ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ വൈകിയതാണ് കാരണം. ഇത് തന്റെ പരിമിതികളുടെ പേരിലുള്ള വിവേചനമാണെന്ന് കാണിച്ച് അപേക്ഷക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് അപേക്ഷകയെ പരിഗണിക്കാനായിരുന്നു ഉത്തരവ്. തുടർന്നാണ് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ സംവിധാനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമെല്ലാം കാഴ്ചയുള്ളവർക്കായി തയ്യാറാക്കിയതാണെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് തുല്യതയ്ക്കുള്ള അവകാശങ്ങളുടെ ലംഘനമാണ്. അതിനാൽ സർക്കാരോ പി.എസ്.സിയോ മുൻകൈയെടുത്ത് പ്രത്യേക സേവനകേന്ദ്രങ്ങൾ സജ്ജമാക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈക്കോടതി പറഞ്ഞു.
Source link