ബാരാമതിയിൽ പവാർ പോര്; അജിത്തിനെ നേരിടാൻ സുപ്രിയയുടെ പ്രചാരണം നയിച്ച യുഗേന്ദ്ര പവാർ- Ajit Pawar to Face Nephew Yugendra in Baramati Political Showdown | Manorama News | Manorama Online
ബാരാമതിയിൽ പവാർ പോര്; അജിത്തിനെ നേരിടാൻ സുപ്രിയയുടെ പ്രചാരണം നയിച്ച യുഗേന്ദ്ര പവാർ
മനോരമ ലേഖകൻ
Published: October 24 , 2024 10:28 AM IST
1 minute Read
അജിത് പവാർ (PTI Photo)
മുംബൈ∙ എൻസിപി അജിത് പവാർ വിഭാഗം ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ബാരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാറും യേവ്‌ളയിൽ മന്ത്രി ഛഗൻ ഭുജ്ബലും ഉൾപ്പെടെ 38 പേരുടെ പട്ടികയാണു പുറത്തിറക്കിയത്. ദിലീപ് പാട്ടിൽ, ഹസൻ മുഷ്‌രിഫ്, ധനഞ്ജയ് മുണ്ടെ, ധർമറാവു ബാബാ അത്രം തുടങ്ങിയ മന്ത്രിമാരുൾപ്പെടുന്ന പട്ടികയിൽ 26 സിറ്റിങ് എംഎൽഎമാരാണ് ഇടം പിടിച്ചിരിക്കുന്നത്. മത്സരിക്കാനില്ലെന്ന മുൻനിലപാടിൽ നിന്ന് അജിത് പവാർ പിന്നോട്ട് പോകുകയും ബാരാമതിയിൽനിന്ന് വീണ്ടും പോരിനിറങ്ങുകയും ചെയ്യുന്നതോടെ പവാർ കുടുംബാംഗങ്ങളുടെ ഏറ്റുമുട്ടൽ ഉറപ്പായി.
കോൺഗ്രസിൽനിന്ന് അടുത്തിടെ എൻസിപി അജിത് പവാർ വിഭാഗത്തിനൊപ്പം ചേർന്ന സിറ്റിങ് എംഎൽഎമാരായ സുൽഭ ഖോഡ്കെ (അമരാവതി), ഹിരാമൻ ഖോഡ്കർ (ഇഗത്പുരി) എന്നിവരും പട്ടികയിൽ ഇടം പിടിച്ചു. കോൺഗ്രസ് നേതാവ് മണിക് റാവു ഗാവിതിന്റെ മകൻ ഭരത് ഗാവിത് നവപുരിൽ നിന്നും ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ ദിൻഡോരിയിൽനിന്നും മത്സരിക്കും. ശരദ് പവാർ പക്ഷത്തുനിന്ന് അജിത് വിഭാഗത്തിലേക്കു ചേക്കേറിയ മുൻമന്ത്രി നവാബ് മാലിക്കും മകൾ സന മാലിക്കും ആദ്യപട്ടികയിൽ ഇല്ല.
വീണ്ടും പവാർ കുടുംബാംഗങ്ങളുടെ നേർക്കുനേർ പോരാട്ടത്തിനു കളമൊരുങ്ങിയതോടെ പശ്ചിമ മഹാരാഷ്ട്രയിലെ ബാരാമതിയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ശരദ് പവാറിന്റെ സഹോദരന്റെ മകൻ അജിത് പവാറിനെതിരെ, അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്രയെ കളത്തിലിറക്കാനാണു ശരദ് പവാർ പക്ഷത്തിന്റെ തീരുമാനം.
പാർട്ടി പിളർത്തി എൻഡിഎയോടു കൈകോർത്ത് ഉപമുഖ്യമന്ത്രിയായ അജിത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ ശരദ് പവാറിന്റെ മകൾ സുപ്രിയയ്ക്കെതിരെ ഭാര്യ സുനേത്രയെ സ്ഥാനാർഥിയാക്കിയതോടെയാണ് ‘പവാർ പോര്’ കടുത്തത്. സുനേത്ര ഒന്നര ലക്ഷത്തിലേറെ വോട്ടിനു പരാജയപ്പെട്ടു. അന്നു സുപ്രിയയുടെ പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചയാളാണു യുഗേന്ദ്ര. ബാരാമതി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ബാരാമതി നിയമസഭാ മണ്ഡലം. മൂന്നു പതിറ്റാണ്ടോളമായി ഇവിടെ നിന്നുള്ള എംഎൽഎയാണ് അജിത് പവാർ.
English Summary:
Ajit Pawar to Face Nephew Yugendra in Baramati Political Showdown
44gofps8sj99o07j6njir15q4c 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar mo-news-world-countries-india-indianews mo-politics-parties-ncp mo-politics-leaders-sharad-pawar mo-politics-elections-maharashtraassemblyelection2024
Source link