INDIA

ഒപ്പം നിന്നവർക്കെല്ലാം സീറ്റ് നൽകി ഉദ്ധവ്; കൂടെനിന്ന 40 പേരെയും തഴയാതെ ഷിൻഡെ

ഒപ്പം നിന്നവർക്കെല്ലാം സീറ്റ് നൽകി ഉദ്ധവ്; കൂടെനിന്ന 40 പേരെയും തഴയാതെ ഷിൻഡെ– Latest News

ഒപ്പം നിന്നവർക്കെല്ലാം സീറ്റ് നൽകി ഉദ്ധവ്; കൂടെനിന്ന 40 പേരെയും തഴയാതെ ഷിൻഡെ

മനോരമ ലേഖകൻ

Published: October 24 , 2024 09:31 AM IST

1 minute Read

ഏക്നാഥ് ഷിൻെഡ, ഉദ്ധവ് താക്കറെ

മുംബൈ ∙ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ അടക്കം 65 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ശിവസേനാ (ഉദ്ധവ്). ആദിത്യ സിറ്റിങ് മണ്ഡലമായ വർളിയിൽ ജനവിധി തേടും. ആദിത്യയുടെ ബന്ധുവും യുവസേന നേതാവുമായ വരുൺ സർദേശായി ബാന്ദ്രാ ഈസ്റ്റിൽ മത്സരിക്കും. തർക്കത്തിനൊടുവിൽ കോൺഗ്രസിൽനിന്നു ശിവസേന പിടിച്ചുവാങ്ങിയ മണ്ഡലമാണിത്.
2022ൽ ശിവസേന പിളർന്നപ്പോൾ ഒപ്പം നിന്ന എല്ലാ എംഎൽഎമാർക്കും ഉദ്ധവ് സീറ്റ് നൽകി. മാഹിമിൽ ഷിൻഡെ വിഭാഗത്തിലെ കരുത്തനായ സദാ സർവൻകർക്കെതിരെ മഹേഷ് സാവന്ത് ഉദ്ധവ് വിഭാഗം സ്ഥാനാർഥിയാകും. ഉദ്ധവിന്റെ ബന്ധുവായ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയാണ് അവിടെ എംഎൻഎസ് സ്ഥാനാർഥി. ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമാകുമിത്.

താനെ ലോക്സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട രാജൻ വിചാരെയ്ക്കു താനെ നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹത്കണങ്കലെ സീറ്റിൽ പരാജയപ്പെട്ട സത്യജിത് പാട്ടീലിനെ കോലാപുരിലെ ഷാഹുവാഡിയിൽ മത്സരിപ്പിക്കും. ബിജെപി ലോക്സഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഉദ്ധവ് പക്ഷത്തു ചേർന്ന മുൻ എംപി ഉൻമേഷ് പാട്ടീലിനെ ജൽഗാവിലെ ചാലിസ്ഗാവിൽ സ്ഥാനാർഥിയാക്കി. വിക്രോളിയിൽ സഞ്ജയ് റാവുത്തിന്റെ സഹോദരൻ സുനിൽ റാവുത്താണു സ്ഥാനാർഥി.
45 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ശിവസേനാ ഷിൻഡെ വിഭാഗം പുറത്തിറക്കി. പാർട്ടി പിളർത്തി എൻഡിഎയിലേക്കു നീങ്ങിയ 40 എംഎൽഎമാരും പട്ടികയിൽ ഇടംപിടിച്ചു. താനെ നഗരത്തിലെ കോപ്രി-പഞ്ച്പഖാഡിയിൽ നിന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ജനവിധി തേടും. ജൽഗാവ് റൂറൽ, സാവന്ത്‌വാഡി, സില്ലോഡ്, പാട്ടൻ എന്നിവിടങ്ങളിൽ യഥാക്രമം മന്ത്രിമാരായ ഗുലാബ്‌ റാവു പാട്ടീൽ, ദീപക് കേസർകർ, അബ്ദുൽ സത്താർ, ശംഭുരാജ് ദേശായി എന്നിവർ വീണ്ടും മത്സരിക്കും. മറ്റൊരു കാബിനറ്റ് അംഗമായ ദാദാ ഭുസെ നാസിക് ജില്ലയിലെ മാലേഗാവ് ഔട്ടർ മണ്ഡലത്തിൽ തന്നെ ജനവിധി തേടും. മന്ത്രിമാരായ ഉദയ് സാമന്തും തനാജി സാവന്തും യഥാക്രമം രത്‌നഗിരിയിൽനിന്നും പരന്ദയിൽനിന്നും മറ്റൊരു പ്രമുഖ നേതാവായ സദാ സർവൻകർ മുംബൈയിലെ മാഹിമിൽനിന്നും മത്സരിക്കും.

ഒട്ടേറെ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളും പട്ടികയിൽ ഇടംപിടിച്ചു. മന്ത്രി ഉദയ് സാമന്തിന്റെ സഹോദരൻ കിരൺ സാമന്തിനു കൊങ്കണിലെ രാജാപുരിൽ സീറ്റ് നൽകി. അന്തരിച്ച നിയമസഭാംഗം അനിൽ ബാബറിന്റെ മകൻ സുഹാസ് ബാബറിനു സാംഗ്ലി ജില്ലയിലെ ഖാനാപുരിലും അവസരം നൽകി. മുംബൈ നോർത്ത്-വെസ്റ്റ് ലോക്‌സഭാ അംഗം രവീന്ദ്ര വൈക്കറുടെ ഭാര്യ മനീഷ വൈകർക്കു ജോഗേശ്വരി ഈസ്റ്റ് മണ്ഡലത്തിലും മുൻ കേന്ദ്രമന്ത്രി ആനന്ദ് അഡ്സുലിന്റെ മകൻ അഭിജിത് അഡ്സുലിന് അമരാവതി ജില്ലയിലെ ദര്യപുരിലും സീറ്റ് നൽകി. ഔറംഗബാദിലെ ലോക്‌സഭാംഗമായ സന്ദീപൻ ഭുംറെയുടെ മകൻ വിലാസ് ഭുംറെ പൈത്തണിൽ മത്സരിക്കും.

English Summary:
Uddhav vs. Shinde: Shiv Sena Factions Announce Candidates for Maharashtra Polls

5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-eknathshinde 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4iob4hf6k4m7uncon1rlvgvbnk mo-politics-elections-maharashtraassemblyelection2024 mo-politics-leaders-uddhav-thackeray


Source link

Related Articles

Back to top button