ശരദ് പവാർ വിഭാഗവും ഉദ്ധവ് പക്ഷവും 85 സീറ്റിൽ വീതം മത്സരിക്കും; കളം പിടിക്കാൻ ഒരു താക്കറെ കൂടി– Latest News
ശരദ് പവാർ വിഭാഗവും ഉദ്ധവ് പക്ഷവും 85 സീറ്റിൽ വീതം മത്സരിക്കും; കളം പിടിക്കാൻ ഒരു താക്കറെ കൂടി
മനോരമ ലേഖകൻ
Published: October 24 , 2024 09:42 AM IST
1 minute Read
ഉദ്ധവ് താക്കറെ, ശരദ് പവാർ
മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും ശിവസേനാ ഉദ്ധവ് പക്ഷവും 85 സീറ്റുകളിൽ വീതം മത്സരിക്കുന്നതിന് ധാരണ. ശേഷിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും 3 പാർട്ടികളുടെയും നേതാക്കൾ അറിയിച്ചു. 288 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 255 സീറ്റുകളുടെ കാര്യത്തിലാണ് മഹാ വികാസ് അഘാഡിയിൽ (ഇന്ത്യാമുന്നണി) ധാരണയായത്. ശേഷിക്കുന്ന 33 സീറ്റുകളുടെ വിഭജനം സംബന്ധിച്ച് രണ്ടു ദിസവത്തിനകം തീരുമാനമുണ്ടാകും.
ഇതിൽ 18 സീറ്റുകൾ കോൺഗ്രസ്, ശിവസേനാ ഉദ്ധവ് പക്ഷം, എൻസിപി പവാർ വിഭാഗവും എന്നിവയ്ക്കു തന്നെയായിരിക്കും. ശേഷിക്കുന്ന 15ൽ നിന്നായിരിക്കും സമാജ്‌വാദി പാർട്ടി, സിപിഎം, പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി എന്നിവയടക്കമുള്ള ചെറുസഖ്യകക്ഷികൾക്ക് സീറ്റ് അനുവദിക്കുക. 2 സീറ്റുകൾ സിപിഎമ്മിനും 3 സീറ്റുകൾ വരെ സമാജ്‌വാദി പാർട്ടിക്കും നൽകും. ഏതാനും സീറ്റുകളിൽ കോൺഗ്രസും ഉദ്ധവ് പക്ഷവും എൻസിപി പവാർ വിഭാഗവും തമ്മിൽ തർക്കം നിലനിൽക്കുകയാണ്.
ചർച്ചകൾക്കു ശേഷം 10–15 സീറ്റുകൾ കൂടി കോൺഗ്രസിനു ലഭിച്ചേക്കും. ഉദ്ധവ് പക്ഷത്തിനും ഏതാനും സീറ്റുകൾ ലഭിച്ചേക്കാം. മൂന്നു പാർട്ടികളും തമ്മിൽ ചില സീറ്റുകൾ വച്ചുമാറാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇന്ത്യാമുന്നണിയിൽ ഉദ്ധവ് പക്ഷം 65 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 53 സ്ഥാനാർഥികളെ നിശ്ചയിച്ച കോൺഗ്രസിന്റെ ആദ്യപട്ടിക ഉടൻ പുറത്തിറക്കും. 182 സ്ഥാനാർഥികളെ എൻഡിഎ പ്രഖ്യാപിച്ചു. ബിജെപി 99 പേരെയും ശിവസേനാ ഷിൻഡെ പക്ഷം 45 സ്ഥാനാർഥികളെയും എൻസിപി അജിത് വിഭാഗം 38 പേരുടെയും പട്ടികയാണു പുറത്തിറക്കിയത്. ഒറ്റയ്ക്കു മത്സരിക്കുന്ന രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവനിർമാൺ സേന 45 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കളം പിടിക്കാൻ ഒരു താക്കറെ കൂടി
രാജ് താക്കറെയുടെ മകൻ അമിത് താക്കറെയടക്കം 45 പേരുടെ സ്ഥാനാർഥി പട്ടിക മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രഖ്യാപിച്ചു. ഇരു ശിവസേനാ പാർട്ടികളുടെയും ശക്തികേന്ദ്രമായ മാഹിം മണ്ഡലത്തിൽ നിന്നാണ് അമിത് താക്കറെ ജനവിധി തേടുന്നത്. പാർട്ടി നേതാവ് സന്ദീപ് ദേശ്പാണ്ഡെ ശിവസേന നേതാവ് ആദിത്യ താക്കറെയുടെ വർളിയിൽ നിന്നും, എംഎൻഎസിന്റെ ഏക എംഎൽഎ രാജു പാട്ടീൽ കല്യാൺ റൂറലിൽ നിന്നും മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് പിന്തുണ നൽകിയിരുന്ന എംഎൻഎസ്, നിയമസഭാ തിരഞ്ഞെടുപ്പിൽ 200 മുതൽ 220 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഷിൻഡെയ്ക്കെതിരെ ഗുരുവിന്റെ ബന്ധു
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ രാഷ്ട്രീയ ഗുരു ആനന്ദ് ദിഗെയുടെ ബന്ധു കേദാർ ദിഗയെ ഷിൻഡെയ്ക്കതിരെ സ്ഥാനാർഥിയാക്കി ശിവസേനാ ഉദ്ധവ് വിഭാഗം. 2004 മുതൽ തുടർച്ചയായി ഷിൻഡെ ജയിക്കുന്ന കോപ്രി–പഞ്ച്പഖ്ഡി മണ്ഡലത്തിൽ ഗുരുവിന്റെ ബന്ധുവിനെ പോർക്കളത്തിൽ ഇറക്കിയതിലൂടെ കടുത്ത വെല്ലുവിളി ഉയർത്താമെന്ന് മഹാവികാസ് അഘാഡി കരുതുന്നു. നേരത്തെ കോൺഗ്രസ് മത്സരിക്കുമെന്നു കരുതിയ മണ്ഡലം ഉദ്ധവ് വിഭാഗത്തിന് നൽകിയതിലൂടെ ശിവസേനകൾ തമ്മിലുള്ള പോരാട്ടമായി മാറും.
നവംബർ 20ന് നടക്കുന്ന തിരഞ്ഞെടുപ്പിനു നാമനിർദേശപത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി 29 ആണ്.
English Summary:
Maharashtra Assembly Election Seat Sharing Announced
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 69ccmj7gah8njhindj519qgeib 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-sharad-pawar mo-politics-elections-maharashtraassemblyelection2024
Source link