ബൈജൂസിന് തിരിച്ചടി, ബി.സി.സി.ഐ ഒത്തുതീർപ്പു കരാർ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: എഡ്ടെക് കമ്പനിയായ ബൈജൂസിനെതിരെയുള്ള പാപ്പരത്വ നടപടികൾ നിറുത്തിവയ്‌ക്കുകയും ബി.സി.സി.ഐയുമായി ഉണ്ടാക്കിയ 158 കോടിയുടെ ഒത്തുതീർപ്പ് അംഗീകരിക്കുകയും ചെയ്‌ത ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. ബൈജൂസിന് കടം നൽകിയവർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ട്രൈബ്യൂണൽ തന്നെ ഇതുസംബന്ധിച്ച് പുതുതായി നടപടികൾ ആരംഭിച്ചു തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ജേഴ്സി സ്‌പോൺസർ ചെയ്‌തതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുമായി ഉണ്ടാക്കിയ കരാറാണ് തർക്കത്തിലായതും പിന്നീട് ഒത്തുതീർന്നതും. എന്നാൽ, 158 കോടി ഒത്തുതീർപ്പു തുക പലിശസഹിതം കോടതി രൂപീകരിച്ച കമ്മിറ്റി ഒഫ് ക്രെഡിറ്റേഴ്സിന് മുന്നിൽ ബി.സി.സി.ഐ കെട്ടിവയ്‌ക്കണമെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
കൃത്യമായി കാര്യങ്ങൾ പരിശോധിക്കാതെയാണ് ട്രൈബ്യൂണൽ പാപ്പരത്വ നടപടികൾ അവസാനിപ്പിച്ചതെന്നും വിലയിരുത്തി. കോർപ്പറേറ്ര് പാപ്പരത്വ പരിഹാര പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാൽ കടം നൽകിയവരെല്ലാം കക്ഷികളാകും. ട്രൈബ്യൂണൽ എല്ലാ കക്ഷികളെയും കേൾക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും കേസുകളിലെ വസ്‌തുതകൾ പ്രത്യേകമായി പരിഗണിക്കണം. എന്നാൽ അതുണ്ടായില്ല.
ഒത്തുതീർപ്പ് ഫണ്ടിൽ സംശയം
ബൈജൂസും ബി.സി.സി.ഐയുമായുള്ള സെറ്റിൽമെന്റ് സംബന്ധിച്ച് യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രെഡിറ്റർ സ്ഥാപനം എതിർപ്പുന്നയിച്ചിരുന്നു. സെറ്റിൽമെന്റിനുള്ള ഫണ്ട് എവിടെ നിന്നു വന്നുവെന്ന് സംശയമുന്നയിച്ചു. നിയമവിരുദ്ധമായി, വിദേശനിക്ഷേപമെന്ന മട്ടിൽ ഫണ്ട് കൊണ്ടുവന്നതാണോ എന്നായിരുന്നു സംശയം. എഡ്ടെക് കമ്പനി സ്ഥാപകൻ ബൈജു രവീന്ദ്രന്റെ സഹോദരൻ റിജു രവീന്ദ്രന് പറയാനുള്ളത് മാത്രം കേട്ട് മറ്റു എതിർപ്പുകൾ ട്രൈബ്യൂണൽ തള്ളിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ട്രൈബ്യൂണൽ പരിഗണിക്കാത്തത്
1.യു.എസിലെ ഹെഡ്‌ജ് ഫണ്ടിൽ 533 മില്യൺ ഡോളറിന്റെ തട്ടിപ്പ് ഇടപാട് നടത്തിയെന്ന ആരോപണം
2.തുക കൈമാറ്റം ചെയ്യരുതെന്ന് യു.എസ് കോടതി ബൈജൂസ് സഹോദരന്മാർക്ക് നൽകിയിരുന്ന നിർദ്ദേശം
3.ഇ.ഡി അന്വേഷണം, കോടതിയലക്ഷ്യനടപടികൾ
Source link