ഭൂമി തരംമാറ്റ ഫീസ്, കാർഷിക അഭിവൃദ്ധി ഫണ്ട്: കണക്കുകൾ അപ്‌ലോഡ് ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂമി തരംമാറ്റ ഇനത്തിൽ ലഭിച്ച തുകയും ഇതിൽനിന്ന് രൂപീകരിച്ച കാർഷിക അഭിവൃദ്ധിഫണ്ടും സംബന്ധിച്ച വിശദാംശങ്ങൾ നവംബർ അഞ്ചിനകം റവന്യൂവകുപ്പ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് ഹൈക്കോടതി. ഇതേ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും ലാൻഡ് റവന്യൂ കമ്മിഷണർ എ. കൗശിഗനോട് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കണക്കുകൾ പൊതുജന സമക്ഷം വരേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി .
കാർഷിക അഭിവൃദ്ധിഫണ്ട്, വയലുകളുടെ സംരക്ഷണത്തിനും മറ്റും വിനിയോഗിക്കണമെന്നാണ് ചട്ടം. എന്നാൽ ഭൂമി തരംമാറ്റ ഫീസിൽനിന്ന് കൃഷി പ്രോത്സാഹനത്തിന് തുക അനുവദിക്കുന്നില്ലെന്നാണ് ഹർജിക്കാരന്റെ വാദം. കോടതിയുടെ പല ഉത്തരവുകളുണ്ടായിട്ടും ശേഖരിക്കുന്ന പണത്തിന്റെ കണക്ക് സർക്കാർ ലഭ്യമാക്കിയിട്ടില്ലെന്ന് ഡിവിഷൻബെഞ്ച് വിമർശിച്ചു. അതിനാൽ ഇനി ഹർജി പരിഗണിക്കുന്ന നവംബർ 5നകം കണക്കുകൾ കൃത്യമായി അറിയിക്കണം.
ഭൂമി തരംമാറ്റ ഫീസിൽനിന്ന് എത്രതുക കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് നൽകി, നികത്തിയ വയലുകൾ തിരിച്ചുപിടിക്കുന്നതിന് എത്രതുക ചെലവിട്ടു, സ്ക്വാഡ് വാഹനങ്ങളുടെ ചെലവ്, സാറ്റലൈറ്റ് മാപ്പിംഗ് ചെലവ്, ലൈഫ് വീടുകളുടെ വിഹിതം, സംസ്ഥാനതല ഓഡിറ്റ് വിവരങ്ങൾ തുടങ്ങിയവ ഇനം തിരിച്ച് അറിയിക്കാനാണ് നിർദ്ദേശം. അല്ലാത്തപക്ഷം കൗശിഗൻ ഫയലുകളുമായി നേരിൽ ഹാജരാകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പുനൽകി.
Source link