പാലക്കാട് ഇത്തവണ വോട്ട് പിടിക്കാൻ പി കെ ശശിയില്ല; വിദേശ യാത്രയ്‌ക്ക് സർക്കാർ അനുമതി

പാലക്കാട്: മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്ക് വിദേശത്ത് പോകാൻ സർക്കാ‌ർ അനുമതി. അന്താരാഷ്ട്രവാണിജ്യമേളയിൽ പങ്കെടുക്കാനാണ് പി കെ ശശിക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത്തവണ പാലക്കാട് വോട്ട് പിടിക്കാൻ ശശി കാണില്ലെന്ന് ചുരുക്കം. ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി. നവംബർ മൂന്ന് മുതൽ 16 വരെയാണ് വിദേശയാത്ര. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരിൽ സിപിഎമ്മിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് ശശി. പക്ഷേ പികെ ശശി ജില്ലയിൽ നിന്ന് മുങ്ങുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പികെ ശശിയെ പാലക്കാട് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പാർട്ടി നടപടി നേരിട്ടയാൾ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാർട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളന ഫണ്ടിൽ നിന്ന് 10 ലക്ഷവും പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശെെലിയല്ലെന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ വിമ‌ർശിക്കുന്നു.


Source link
Exit mobile version