KERALAM

ഗവർണർക്ക് ഗാർഡ് ഓഫ് ഓണർ നൽകിയതിൽ വീഴ്ച; പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ്

പത്തനംതിട്ട: അന്തരിച്ച കണ്ണൂർ എം.ഡി.എം നവീൻബാബുവിന്റെ വീട്ടിലേക്ക് പോകാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ പൊലീസ് പ്രോട്ടോക്കോളിൽ വീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയതായി സൂചന. പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ചിലേയും എ.ആർ ക്യാമ്പിലേയും ഉന്നത ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് .ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നാണ് ഗവർണർ പത്തനംതിട്ട ഗവൺമന്റ് ഗസ്റ്റ് ഹൗസിൽ എത്തിയത്. ഇവിടെവച്ച് ഗാർഡ് ഓഫ് ഓണർ നൽകുന്നതിനിടെ പ്രോട്ടോക്കോളിൽ വീഴ്ചയുണ്ടെന്ന് കണ്ടതോടെ സല്യൂട്ട് സ്വീകരിക്കാതെ അദ്ദേഹം മടങ്ങിയിരുന്നു. ഗാർഡ് ഓഫ് ഓണറിന് പ്രോട്ടോക്കോൾ പ്രകാരം ബ്യൂഗിൾ ഇല്ലായിരുന്നു. ഗാർഡ് ഓഫ് ഓണർ ഡ്യൂട്ടിയിൽ ആറ് പൊലീസുകാരാണ് ഉണ്ടായിരുന്നത്. തുടർന്ന് ഗവർണറുടെ ഓഫീസും പ്രോട്ടോക്കോൾ വീഴ്ചയിൽ അതൃപ്തി പ്രകടിപ്പിച്ചു. പ്രോട്ടോക്കോളിൽ മനഃപൂർവം വീഴ്ചവരുത്തിയെന്ന് ആരോപിച്ച് രാജ്ഭവനും രംഗത്തുവന്നതോടെയാണ് ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇന്നലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നോട്ടീസ് നൽകിയതെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ചു.


Source link

Related Articles

Back to top button