KERALAMLATEST NEWS

കെ.എസ്.ആർ.ടി.സി: എംപാനൽഡുകാർക്കും ഗ്രാറ്റുവിറ്റിക്ക് അ‌ർഹത

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ദിവസവേതനത്തിന് ജോലിചെയ്തിരുന്ന എംപാനൽഡ് ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട സിംഗിൾബെഞ്ച് ഉത്തരവ് ശരിവച്ച് ഹൈക്കോടതി ഡിവിഷൻബെഞ്ച്. കെ.എസ്.ആർ.ടി.സിയുടെ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
എംപാനൽഡ് ജീവനക്കാരുടെ ഗ്രാറ്റുവിറ്റി അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ തൊഴിൽവകുപ്പിന്റെ ബന്ധപ്പെട്ട അതോറിറ്റിയോട് നിർദ്ദേശിച്ചായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. അഞ്ചുവർഷം തുടർച്ചയായി സർവീസുള്ള കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന സർക്കാർ ഉത്തരവടക്കം കണക്കിലെടുത്തായിരുന്നു ഇത്. തുടർന്ന് അഞ്ചുവർഷം തുടർച്ചയായി സർവീസുള്ള എംപാനൽഡ് ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കാൻ അതോറിറ്റി ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു അപ്പീൽ.

ദിവസവേതനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരല്ലെന്നതടക്കമുള്ള വാദമാണ് കെ.എസ്.ആർ.ടി.സി ഉന്നയിച്ചത്. ഇക്കാര്യത്തിൽ 2015ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് തെറ്റായിരുന്നുവെന്നും വാദിച്ചു. എന്നാൽ ഇതൊന്നും അംഗീകരിക്കാതെ ഡിവിഷൻബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.


Source link

Related Articles

Back to top button