അപേക്ഷകൾ സമയത്തിന് തീർപ്പാക്കണം: മന്ത്രി രാജീവ്

തിരുവനന്തപുരം: അപേക്ഷകനെ നേരിട്ട് കാണാതെ തന്നെ പരമാവധി അപേക്ഷകൾ തീർപ്പാക്കുന്ന സംവിധാനത്തിലേക്ക് വരണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു..മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം ഹോട്ടൽ റസിഡൻസി ടവറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളിൽ സ്ഥല പരിശോധന ആവശ്യമുള്ള കേസുകളിൽ പരമാവധി 20 ദിവസത്തിനുള്ളിലും സ്ഥലപരിശോധനയില്ലെങ്കിൽ അഞ്ച് മുതൽ എട്ടു ദിവസത്തിനുള്ളിലും അപേക്ഷ തീർപ്പാക്കണം. അപേക്ഷയ്ക്കൊപ്പമുള്ള കാര്യങ്ങളിൽ എന്തെങ്കിലും അനുബന്ധ രേഖകളുടെ കുറവിന്റെ പേരിൽ ഒരു തവണയിൽ കൂടുതൽ അപേക്ഷകനെ വിളിച്ചു വരുത്താൻ പാടില്ല. അങ്ങനെ വന്നാൽ ആ ഉദ്യോഗസ്ഥനാണ് അതിന്റെ ഉത്തരവാദിത്തം. വകുപ്പിൽ ജോലി ഭാരം കുറയ്ക്കാനായി ജിയോളജിസ്റ്റുകളുടെ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി മതിയായ പരിശീലനവും നൽകി. ആവശ്യാനുസരണം വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും അനുമതിയുണ്ട്.. ഡ്രോൺ സംവിധാനമുപയോഗിച്ചുള്ള പരിശോധന കൂടി വരുന്നതോടെ ഖനനത്തിന്റെ യഥാർത്ഥ കണക്ക് വ്യക്തമാവുമെന്നും മന്ത്രി പറഞ്ഞു.
ആന്റണിരാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ഡോ.കെ.ഹരികുമാർ കൈപ്പുസ്തക വിതരണം നിർവഹിച്ചു. ആനിജൂല തോമസ്, മുൻ എം.എൽ.എ രാജുഎബ്രഹാം, തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ, രജിസ്റ്റേർഡ് മെറ്റൽ ക്രഷർ ഓണേഴ്സ് യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു എന്നിവർ പ്രസംഗിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ്ഹനീഷ് സ്വാഗതവും അഡീഷണൽ ഡയറക്ടർ കിഷോർ നന്ദിയും പറഞ്ഞു.
Source link