ഫെബ്രുവരിയിൽ വ്യാപാരികളുടെ പാർലമെന്റ് മാർച്ച്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വ്യാപാര വിരുദ്ധ നിലപാടുകൾക്കെതിരെ ഫെബ്രുവരി ആദ്യവാരം പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും ഭാരതീയ ഉദ്യോഗ വ്യാപാർ മണ്ഡൽ ദേശീയ വൈസ് പ്രസിഡന്റുമായ രാജു അപ്സര അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വ്യാപാരികൾ പങ്കെടുക്കും. കേരളത്തിൽ നിന്ന് 5,​000 വ്യാപാരികളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഡൽഹിയിൽ നടന്ന ഉദ്യോഗ വ്യാപാർ മണ്ഡൽ ദേശീയ എക്സിക്യുട്ടിവ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഓൺലൈൻ ഭീമന്മാർ ഗ്രാമങ്ങളിൽ കടന്നുകയറി പരമ്പരാഗത വ്യാപാര മേഖലയെ തകർക്കുമ്പോൾ കേന്ദ്രസർക്കാർ പ്രതികരിക്കുന്നില്ലെന്ന് ഉദ്യോഗ വ്യാപാർ മണ്ഡൽ ചൂണ്ടിക്കാട്ടി. വ്യാപാര വിരുദ്ധ നിലപാടുകളാണ് കേന്ദ്രം തുടരുന്നത്. ചെറുകിട വ്യാപാരികളെയും കോർപ്പറേറ്റുകളെയും രണ്ടായി കാണാൻ തയ്യാറല്ല. കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ കെട്ടിട വാടകയുടെ നികുതി ബാദ്ധ്യതയും വ്യാപാരികളുടെ തലയിൽ അടിച്ചേൽപ്പിച്ചു. വ്യാപാരി വിരുദ്ധ നയങ്ങൾക്കെതിരെ ആരും ശബ്‌ദമുയർത്തുന്നില്ല. നികുതി വരുമാനം ഉയർത്തുകയെന്ന പൊതുമിനിമം പരിപാടിക്ക് എല്ലാ സംസ്ഥാന ധനമന്ത്രിമാരും പിന്തുണ നൽകുന്നു. ഈ സാഹചര്യത്തിലാണ് പാർലമെന്റ് മാർച്ച്.


Source link
Exit mobile version