KERALAMLATEST NEWS

സാങ്കേതിക വി.സി നിയമനം: ഗവർണർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല കൈമാറുന്നതിന് മുന്നോടിയായി ഹൈക്കോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകാൻ ഗവർണർ. സർക്കാരുമായി കൂടിയാലോചിച്ചായിരിക്കണം വി.സിയുടെ ചുമതല നൽകേണ്ടതെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണിത്.

സാങ്കേതിക വാഴ്സിറ്റി ചട്ടപ്രകാരം താത്കാലിക വി.സിയുടെ ചുമതല തൊട്ടടുത്തെ വാഴ്സിറ്റിയുടെ വി.സി, സാങ്കേതിക വാഴ്സിറ്റി പി.വി.സി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് നൽകാൻ സർക്കാരിന് ശുപാർശ ചെയ്യാം.സിസാ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ വി.സി നിയമനത്തിൽ സർക്കാരിന്റെ അഭിപ്രായം ഗവർണർ മാനിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാൽ കണ്ണൂർ വി.സിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിൽ സർവകലാശാലകളിൽ സർക്കാരിന്റെ ഇടപെടൽ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് ഗവർണറുടെ നീക്കം. ഇക്കാര്യത്തിൽ വ്യക്തതയുണ്ടായ ശേഷമായിരിക്കും സാങ്കേതിക വി.സിയുടെ ചുമതല കൈമാറുക.

ഡിജിറ്റൽ വാഴ്സിറ്റി വിസി സജിഗോപിനാഥ്, ആരോഗ്യ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ എന്നിവർ 26ന് വിരമിക്കുന്നതിന് പകരമാണ് ചുമതല നൽകേണ്ടത്. മോഹനൻ കുന്നുമ്മേലിന് കേരളയുടെയും സജിഗോപിനാഥിന് സാങ്കേതിക വാഴ്സിറ്റിയുടെയും അധികചുമതലയുമുണ്ട്. അതിനാൽ 4വാഴ്സിറ്റികളിൽ താത്കാലിക വി.സിമാരെ നിയമിക്കണം. ഇന്ന് ഉച്ചയ്ക്ക് ഡൽഹിക്ക് പോവും മുൻപ് കേരള, ആരോഗ്യം, ഡിജിറ്റൽ വാഴ്സിറ്റി വി.സിമാരുടെ കാര്യത്തിൽ തീരുമാനമെടുത്തേക്കും. രാവിലെ പത്തരയ്ക്ക് രാജ്ഭവൻ അഡി.ചീഫ്സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്തിന്റെ ഹിന്ദി കവിതാസമാഹാരത്തിന്റെ പ്രകാശനത്തിനു ശേഷമാണ് ഗവർണർ ഡൽഹിക്ക് പോവുന്നത്.


Source link

Related Articles

Back to top button