തിരുവനന്തപുരം : എ.ഡി.എം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച് മുഖ്യമന്ത്രിക്ക് കൊടുത്തുവെന്നു പറയുന്ന ടി.വി പ്രശാന്തന്റെ
പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ പാർട്ടി കേന്ദ്രത്തിലെന്ന വിവരം പുറത്തുവന്നത് സി.പി.എമ്മിന് മറ്റൊരു പ്രഹരമായി. കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയുമായിരുന്ന പി.പി ദിവ്യ എ.ഡി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് കരുത്തു പകരാൻ ചമച്ച വ്യാജപരാതിയാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. തിരുവനന്തപുരത്ത് വച്ചു ഇതു തയ്യാറാക്കിയത് സി.പി.എം സംസ്ഥാന സംഘടനാ സംവിധാനത്തിന്റെ ഭാഗമായ വ്യക്തിയാണെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്.
പ്രശാന്തന്റെ പേരെഴുതി വ്യാജ ഒപ്പിട്ടതും പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് കൈമാറിയതും ഇദ്ദേഹമാണെന്നാണ് സൂചന. പരാതി പരിശോധിക്കാൻ സർക്കാരും വസ്തുതയറിയാൻ പാർട്ടിയും ഏതെങ്കിലും തരത്തിലുള്ള അന്വേഷണം തുടങ്ങിയതായി അറിവില്ല. കൃത്യമായ അന്വേഷണം പൊലീസ് നടത്തിയാൽ സർക്കാരിനും സി.പി.എമ്മിനും തലവേദനയായേക്കുമെന്നും ആശങ്കയുണ്ട്.
ഉത്തരമില്ലാതെ ചോദ്യങ്ങൾ ബാക്കി
1. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി ലഭിച്ചെങ്കിൽ പരാതിക്കാരനായ പ്രശാന്തന് എന്തുകൊണ്ട് ഡോക്കറ്റ് നമ്പരും എസ്.എം.എസ് സന്ദേശവും ലഭിച്ചില്ല?
2. ഒക്‌ടോബർ പത്താണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച പരാതിയുടെ തീയതിയായി കാണുന്നത്. ഗുരുതര സ്വഭാവമുള്ള പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് ലഭിച്ചെങ്കിൽ എന്തുകൊണ്ട് പരാതി പരിഹാര സെല്ലിൽ രജിസ്റ്റർ ചെയ്തില്ല.?
3. പരാതിയിലുള്ള പ്രശാന്തന്റെ ഒപ്പും പമ്പുമായി ബന്ധപ്പെട്ട രേഖകളിലെ ഒപ്പും തമ്മിലുള്ള വൈരുദ്ധ്യവും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല.?
Source link