പാലക്കാട്ട് വീണ്ടും വോട്ടുകച്ചവടമുണ്ടോ?- കെ.സുരേന്ദ്രൻ

പാലക്കാട്: 2021ൽ എൽ.ഡി.എഫിന്റെ വോട്ട് ഷാഫി പറമ്പിലിന് മറിഞ്ഞെന്ന എ.കെ.ബാലന്റെ തുറന്നുപറച്ചിലിന്
അഭിനന്ദനമെന്നും, ഈ തന്ത്രം ഇത്തവണയും ഉപയോഗിക്കുന്നുണ്ടോ എന്നു കൂടി വ്യക്തമാക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
സരിനെ ബലിയാടാക്കാനാണോ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിറുത്തിയതെന്ന് സി.പി.എം തുറന്നുപറയണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരന്റെ ജയം ഇല്ലാതാക്കിയത് ഈ അവിശുദ്ധ സഖ്യമാണ്. പാലക്കാട്ടേതിന് പ്രത്യുപകാരമായി ചേലക്കരയിൽ യു.ഡി.എഫ് വോട്ട് എൽ.ഡി.എഫിന് കിട്ടുമോയെന്നാണ് ഇനി അറിയേണ്ടത്. അതോ പണം വാങ്ങിയാണോ വോട്ട് വാങ്ങുന്നതെന്നും അറിയണം. ആത്മവിശ്വാസം പോയതുകൊണ്ടാണ് സതീശൻ അൻവറിന്റെ പിന്നാലെ പോകുന്നത്. ഇനി പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്നാലെ ഇവർ പോകും.
പി.പി.ദിവ്യയുടെ കേസിൽ യു.ഡി.എഫ് ഒത്തുതീർപ്പിലെത്തി.എ.ഡി.എമ്മിനെ കൊലപ്പെടുത്തിയതാണോയെന്ന സംശയം നിലനിൽക്കുന്നു. മരണപ്പെടുമ്പോൾ അദ്ദേഹം ധരിച്ചത് യാത്രയയപ്പ് ചടങ്ങിലെ വസ്ത്രമാണ്. അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ജനങ്ങൾ കരുതും. . കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Source link