കസാന്‍(റഷ്യ): ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരുവരും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത്. അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണിത്. ലഡാക്കിലെ നിയന്ത്രണരേഖയിലെ സേനാപിന്മാറ്റം ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണെന്ന പ്രത്യേകതയും ഇതിനുണ്ട്.ഇരു രാജ്യങ്ങളുടേയും സമാധാനത്തിനെന്ന പോലെ ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും പുരോഗമനത്തിനും ഇന്ത്യ-ചൈന സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി അതിര്‍ത്തിയില്‍ തുടരുകയായിരുന്ന പ്രശ്‌നങ്ങളില്‍ സമവായമെത്തിയതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. അതിര്‍ത്തിയില്‍ ശാന്തിയും സ്ഥിരതയും പുലര്‍ത്തേണ്ടതിലായിരിക്കണം നമ്മുടെ മുന്‍ഗണന. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയായിരിക്കണം സഹകരണത്തിന്റെ അടിസ്ഥാനമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം. അത് രാജ്യങ്ങളുടെ സമാധാനത്തേയോ സ്വസ്ഥതയേയോ തകര്‍ക്കരുതെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും ചൈനയും തമ്മില്‍ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണമെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിങ് അഭിപ്രായപ്പെട്ടത്. നിയന്ത്രണരേഖയിലെ സേനാപിന്മാറ്റത്തിനുള്ള തീരുമാനത്തെ ഷി ജിന്‍പിങും സ്വാഗതം ചെയ്തു.അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് പരസ്പരം സ്വീകാര്യമായ പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഉന്നതതലത്തില്‍ യോഗം ചേരാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ, ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും നടപടികളുണ്ടാവും.
Source link