എംപിയായിരുന്ന അഞ്ച് വർഷവും വികസനത്തിന് രാഹുൽ ഒന്നും ചെയ്‌തില്ല,​ വയനാടിനെ കുടുംബവാഴ്‌ചയ്‌‌ക്ക് വിട്ടുകൊടുക്കില്ലെന്ന് നവ്യ ഹരിദാസ്

നിലമ്പൂർ: വയനാടിനെ കോൺഗ്രസ്സിന്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് രണ്ട് എം പി മാരുണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ തന്നെ മണ്ഡലത്തിൽ പാവയായ ഒരാളെ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ്. എം.പി ആയി ഇരുന്ന 5 വർഷക്കാലം വയനാടിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത ആളാണ് രാഹുൽ ഗാന്ധി. ഇപ്പോൾ വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരെന്നും നവ്യ ഹരിദാസ് പറഞ്ഞു.

നിലമ്പൂരിൽ ബിജെപി മേഖലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.വയനാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് എൻ ഡി എ നടത്തുന്നത്. ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന എം പി യെ ആണ് മണ്ഡലത്തിന് ആവശ്യം. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആശ്വസിപ്പിച്ചു. കേന്ദ്രം അനുവദിച്ച ആശ്വാസ സഹായം പോലും കൃത്യമായി ദുരിത ബാധിതർക്ക് നൽകാത്ത സർക്കാരാണ് കേരളത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങൾ മുൻ നിർത്തിയാണ് താൻ വോട്ട് അഭ്യർത്ഥിക്കുന്നതെന്നും സ്ഥാനാർത്ഥി പറഞ്ഞു. നിലമ്പൂർ പീവീസ് ആർക്കേഡിൽ നടന്ന യോഗം ബി.ജെ.പി. സംസ്ഥാന ജനറൽ സെകട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.ജെ.പി. മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സംഘടനാ ജനറൽ സെക്രട്ടറി ജി കാശിനാഥ് , ദേശീയ സമിതി അംഗം സി.വാസുദേവൻ മാസ്റ്റർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ. നാരായണൻ മാസ്റ്റർ , കെ.രാമചന്ദ്രൻ , ടി.പി.സുരേഷ്, മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ മാസ്റ്റർ , ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ രശ്മിൽ നാഥ് , ബി.രതീഷ് , പ്രശാന്ത് , എന്നിവർ സംസാരിച്ചു.


Source link
Exit mobile version