‘വയനാടിന്റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ട്, എന്റെ സഹോദരന് നിങ്ങൾ കരുത്തും ധെെര്യവും നൽകി’; പ്രിയങ്ക ഗാന്ധി
കൽപറ്റ: കഴിഞ്ഞ 35 വർഷമായി പല തിരഞ്ഞെടുപ്പികളിൽ താൻ പ്രചരണം നടത്തിയിട്ടുണ്ടെന്നും എന്നാൽ ആദ്യമായാണ് തനിക്ക് വേണ്ടി ഒരു പ്രചരണം നടത്തുന്നതെന്നും പ്രിയങ്ക ഗാന്ധി. റോഡ് ഷോയ്ക്ക് ശേഷം കൽപ്പറ്റയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. വയനാട്ടിൽ മത്സരിക്കാൻ അവസരം നൽകിയ കുടുംബത്തോടും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോടും നന്ദി പറയുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയും സോണിയയും ഖർഗെയും ഉൾപ്പെടെയുള്ള നേതാക്കൾ കൽപ്പറ്റയിലെ പരിപാടിയിൽ പങ്കെടുത്തു. ശേഷം ഒരു മണിയോടെ പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
‘കുറച്ച് നാളുകൾക്ക് മുൻപ് ഞാൻ വയനാട്ടിലെ മുണ്ടക്കെെയിൽ സഹോദരനൊപ്പം വന്നിരുന്നു. അവിടെ എല്ലാം നഷ്ടമായവരെ കണ്ടു. ഉരുൾപൊട്ടലിൽ ജീവിതം ഇല്ലാതായ മനുഷ്യരെ കണ്ടു. ഞാൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവർത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്നേഹം മാത്രം നൽകിയാണ് അവർ പരസ്പരം പിന്തുണച്ചത്.
വയനാട്ടുക്കാരുടെ ധെെര്യം എന്റെ മനസിനെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. വയനാടിന്റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ട്. വളരെയധികം വിചിത്രമായ കാലത്താണ് നാം ജീവിക്കുന്നത്. അധികാരത്തിൽ ഇരിക്കുന്നവർ അധികാരം നൽകിയവർക്കിടയിൽ വിഭജനം സൃഷ്ടിക്കുന്നു. അധികാരത്തിൽ ഇരിക്കുന്നവർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു. ഇതല്ല രാഷ്ട്രീയം. സത്യത്തിനും സമത്വത്തിനും നീതിക്കുവേണ്ടിയാണ് നാം പോരാടുന്നത്. വയനാട്ടിലെ പ്രിയപ്പെട്ടവർ എന്റെ സഹോദരനൊപ്പം നിന്നു. നിങ്ങൾ അദ്ദേഹത്തിന് ധെെര്യവും കരുത്തും നൽകി.
എന്റെ സഹോദരന് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എന്റെ കുടുംബം എന്നും കടപ്പെട്ടിരിക്കും. നിങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സഹോദരൻ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് നേരിട്ട് വന്ന് നിങ്ങളോട് സംസാരിക്കണം. വന്യജീവി,മനുഷ്യ സംഘർഷം, മെഡിക്കൽ കോളേജ് ആശുപത്രി, രാത്രിയാത്ര നിരോധനം എന്നിവയ്ക്ക് അപ്പുറം നിങ്ങളുടെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കണം. ഇത് എന്റെ പുതിയ യാത്ര. എന്റെ ഗുരു നിങ്ങളാണ്’,- പ്രിയങ്ക പറഞ്ഞു.
Source link