തൃശൂർ പൂരം വെടിക്കെട്ടിലെ നിയന്ത്രണം, ആക്‌ട് ഭേദഗതിയിൽ ആശങ്കയറിയിച്ച് കേന്ദ്രത്തിന് കേരളം കത്ത് നൽകും

തിരുവനന്തപുരം: കേന്ദ്രത്തിന്റെ എക്‌സ്‌പ്ളോസീവ് ആക്‌ടിലെ ഭേദഗതിയിൽ വരുന്ന പുതിയ വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ച ചെയ്‌ത് മന്ത്രിസഭ. ഒക്ടോബർ 11ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച എക്സ്‌പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശൂർപൂരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്തു. സർക്കാരിന്റെ വിഷയത്തിലെ ആശങ്ക കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി തലത്തിൽ കേന്ദ്രത്തിന് കത്തയക്കാനും തീരുമാനമായി.

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശത്തും മാലിന്യസംസ്‌കരണ പ്ളാന്റുകൾ സ്ഥാപിക്കാൻ സർക്കാർ പുറമ്പോക്ക് ഭൂമി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മാലിന്യ സംസ്‌കരണ പ്ളാന്റുകൾ സ്ഥാപിക്കാൻ ജില്ലാ കളക്‌ടർമാർക്ക് അനുമതി നൽകിയ മാതൃകയിലാകും ഇത്. ഓരോ കേസും പ്രത്യേകം പരിഗണിച്ചാകും അനുമതി നൽകുക.

വയനാട് ദുരന്തത്തിൽ നഷ്‌ടപ്പെടുകയോ നശിക്കുകയോ ചെയ്‌ത ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എന്നിവ ദുരന്തബാധിതർക്ക് സൗജന്യമായി നൽകാൻ രജിസ്‌ട്രേഷൻ ഫീസ്, മുദ്ര വില എന്നിവ ഒഴിവാക്കി നൽകിയത് സാധൂകരിക്കാനും ക്യാബിനറ്റ് തീരുമാനമെടുത്തു.

എറണാകുളത്തെ രാജഗിരി ആശുപത്രി വികസനത്തിനായി ഭൂപരിഷ്‌കരണ നിയമപ്രകാരം ഭൂപരിധിയിൽ നിബന്ധനകളോടെ ഇളവനുവദിച്ചു. പൊതുജന സമ്പർക്കത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ എന്റെ കേരളം പോർട്ടൽ ആരംഭിക്കുന്നതിനും സ്‌പെഷ്യൽ സ്ട്രാറ്റജി ആന്റ് കമ്മ്യൂണിക്കേഷൻ ടീമിനെ ഒരു വർഷത്തേക്ക് രൂപീകരിക്കുന്നതിനും സിഡിറ്റ് സമർപ്പിച്ച നിർദ്ദേശവും മന്ത്രിസഭ അംഗീകരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പെരുംതുരുത്തിക്കരി പാടശേഖരം മെച്ചപ്പെടുത്താൻ നബാർഡ് ആർഡിഎഫ് പദ്ധതിപ്രകാരമുള്ള പ്രവർത്തിക്ക് ടെണ്ടർ അംഗീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.


Source link
Exit mobile version