തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാലക്കാട് മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായി കോണ്‍ഗ്രസ് വിട്ട് വന്ന പി. സരിന്‍ മത്സരിക്കും. ചേലക്കരയില്‍ മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല മറിച്ച് സ്വതന്ത്രനായിട്ടാകും സരിന്‍ പാലക്കാട് മത്സരിക്കുക.
പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കിയതിന് പിന്നാലെ എതിര്‍പ്പ് പരസ്യമാക്കി പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായ സരിന്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഒരാളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി സീറ്റ് വിട്ടുകൊടുത്തുവെന്ന് മുന്‍ എംഎല്‍എയും വടകര എംപിയുമായ ഷാഫി പറമ്പിലിനെ ലക്ഷ്യം വെച്ച് സരിന്‍ തുറന്നടിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവിനേയും ഷാഫിയേയും പരസ്യമായി തന്നെ സരിന്‍ തള്ളിപ്പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണമെന്ന് സരിന്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി വഴങ്ങിയില്ല. ഇതോടെയാണ് സരിന്‍ പാര്‍ട്ടി വിട്ട് പുറത്തേക്ക് വരുന്ന സാഹചര്യമുണ്ടായത്. നേതൃത്വത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച സരിന് സിപിഎം പിന്തുണ നല്‍കുകയും ചെയ്തു. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉറപ്പ് വന്നിരുന്നു. സരിനെ ഒപ്പം കൂട്ടുന്നത് ഗുണം ചെയ്യുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തുകയും ചെയ്തതോടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമായിരുന്നു ബാക്കിയുള്ളത്.
ഇന്ന് രാവിലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സരിന് വന്‍ സ്വീകരണമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നല്‍കിയത്. മന്ത്രി എംബി രാജേഷിനെ സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി ഓഫീസിലെത്തിയ സരിനെ ചുവന്ന ഷാള്‍ അണിയിച്ചാണ് മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്‍ സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളായി പാര്‍ട്ടി മൂന്നാം സ്ഥാനത്തുള്ള മണ്ഡലത്തിലാണ് സരിനെ സ്വതന്ത്രനാക്കി സിപിഎം ഭാഗ്യം പരീക്ഷിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് 2016, 2021 തിരഞ്ഞെടുപ്പുകളില്‍ പ്രധാന മത്സരം നടന്നത്.
ചേലക്കരയിലേക്ക് വന്നാല്‍ മന്ത്രി കെ രാധാകൃഷ്ന്‍ ലോക്‌സഭയിലേക്ക് വിജയിച്ച് പോയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. 1996 മുതല്‍ ഇടതിന് ഒപ്പം നില്‍ക്കുന്ന മണ്ഡലമാണ് ചേലക്കര. 1996-2011 വരെ തുടര്‍ച്ചയായി അഞ്ച് തവണ രാധാകൃഷ്ണനെ ചേലക്കര നിയമസഭയിലേക്കയച്ചു. പിന്നീട് അദ്ദേഹം സംഘടനാരംഗത്തേക്ക് മാറിയപ്പോള്‍ 2016ല്‍ യുആര്‍ പ്രദീപ് ആണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. കോണ്‍ഗ്രസിലെ കെഎ തുളസിയെ പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് പ്രദീപ് തോല്‍പ്പിച്ചത്. രമ്യ ഹരിദാസാണ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
Source link