സരിന് വൻവരവേല്പ്, പാലക്കാട്ട് ആവേശം വിതറി എൽ ഡി എഫ് റോഡ് ഷോ

പാലക്കാട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. സരിന് വൻവരവേല്പുമായി പ്രവർത്തകർ. പാലക്കാട്ടെ പ്രചാരണത്തിന് തുടക്കം കുറിച്ച് നടത്തിയ പി,സരിന്റെ റോഡ് ഷോയ്ക്ക് വൻസ്വീകരണമാണ് എൽ.ഡി,എഫ് പ്രവർത്തകർ നൽകിയത്. വിക്ടോറിയ കോളേജ് മുതൽ കോട്ടമൈതാനം വരെയാണ് റോഡ് ഷോ. പാർട്ടി പ്രവർത്തകരുടെ വലിയ പങ്കാളിത്തമാണ് റോഡ് ഷോയിലുള്ളത്. സരിൻ ബ്രോ എന്നെഴുതിയ പ്ലക്കാർഡുകളും വഹിച്ച് ആയിരങ്ങളാണ് ജാഥയിൽ അണിനിരന്നത്. സി.പി.എമ്മിന്റെയും ഡി,വൈ.എഫ്,ഐയുടെയും നേതാക്കളും സരിനൊപ്പമുണ്ട്.
പാലക്കാട് ഇടതു സ്വതന്ത്രനായാണ് കെ.പി.സി.സി ഡിജിറ്റൽ മീഡിയാ വിഭാഗം കൺവീനറായിരുന്ന സരിൻ മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് സരിൻ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. വാർത്താസമ്മേളനം വിളിച്ച് കോൺഗ്രസ് നേതൃത്വത്തിനെതിരെ സരിൻ ആഞ്ഞടിച്ചിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്താക്കിയതോടെ എൽ.ഡി എഫ് പി, സരിനെ പിന്തുണയ്ക്കുകയായിരുന്നു. തുടർന്ന് ഇന്നലെ സരിനെ പാലക്കാട്ടെ സ്ഥാനാർത്ഥിയായി സി,പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ന് രാവിലെ മുതലാണ് സരിൻ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ജില്ലയിലെ പ്രമുഖരെയും മുതിർന്ന രാഷ്ട്രീയ നേതാക്കളെയും സന്ദർശിച്ചായിരുന്നു പ്രചാരണം തുടങ്ങിയത്. തുടർന്ന് റോഡ് ഷോയിലൂടെ വലിയ സ്വീകരണം ഒരുക്കാൻ എൽ.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടിത്തിലിനും സമാനമായി സ്വീകരണമാണ് പാലക്കാട് നൽകിയത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വലിയ റോഡ് ഷോയും നടത്തിയിരുന്നു.
Source link