ന്യൂഡൽഹി: വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണിയടക്കം മുഴക്കിയാൽ ജീവപര്യന്തംവരെ തടവും പിഴയും ശിക്ഷ നൽകുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടും ഭീഷണിക്ക് കുറവില്ല. കൊച്ചി, കരിപ്പൂർ ഉൾപ്പെടെ ഇന്നലെ മാത്രം വ്യാജ ബോംബ് ഭീഷണി ഉണ്ടായത് 56ലധികം വിമാനങ്ങൾക്ക്. ഇതുമൂലം വലഞ്ഞ് യാത്രക്കാരും വിമാനക്കമ്പനികളും. ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ കമ്പനികളുടെ നൂറിലേറെ വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്.
വ്യാജ ഭീഷണിയെത്തുടർന്ന് ജിദ്ദയിലേക്കുള്ള മൂന്ന് ഇൻഡിഗോ വിമാനങ്ങൾ ഇന്നലെ വഴിതിരിച്ചുവിട്ടു. കരിപ്പൂരിൽ കോഴിക്കോട്-ജിദ്ദ വിമാനം റിയാദിലേക്കും ബംഗളൂരു-ജിദ്ദ വിമാനം ദോഹയിലേക്കും ഡൽഹി-ജിദ്ദ വിമാനം മദീനയിലേക്കുമാണ് തിരിച്ചുവിട്ടത്. ഇൻഡിഗോയുടെ മംഗലാപുരം-മുംബയ്,അഹമ്മദാബാദ്-ജിദ്ദ, ലഖ്‌നൗ-പൂനെ, ഹൈദരാബാദ്-ജിദ്ദ, ഇസ്താംബൂൾ-മുംബയ്, ഡൽഹി-ദമാം, ഇസ്താംബൂൾ-ഡൽഹി വിമാനങ്ങൾക്കും വ്യാജ ഭീഷണിയുണ്ടായി.
കൊച്ചിയിൽ ബംഗളൂരു ഇൻഡിഗോ വിമാനത്തിനും ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുമാണ് ഇന്നലെ ഭീഷണിയുണ്ടായത്. ഇരുവിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് എക്സിൽ ഭീഷണി സന്ദേശമെത്തിയത്. ഇവ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറങ്ങി.
Source link