ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബി.എസ്.എൻ.എൽ) പുതിയ ലോഗോ. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് സജ്ജമാക്കുന്നതിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ് സൊല്യൂഷൻ, വൈഫൈ റോമിംഗ് സേവനം, ഇൻട്രാനെറ്റ് ടിവി തുടങ്ങി ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചു.
ലോഗോയിലെ ഗോളത്തിന്റെ ചാരനിറം കാവിയായപ്പോൾ ‘കണക്‌ടിംഗ് ഇന്ത്യ’ എന്നത് ‘കണക്‌ടിംഗ് ഭാരത്’ എന്നാക്കി. സുരക്ഷിതം, താങ്ങാവുന്നത്, വിശ്വസനീയം എന്നീ വാക്കുകളും ചേർത്തു. ഗോളത്തെ ചുറ്റുന്ന വളയത്തിന്റെ നിറവും മാറി.
കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ലോഗോ അവതരിപ്പിച്ചത്.
തട്ടിപ്പുകളും സ്പാം കോളുകളും തടയാനുള്ള സേവനം, യാത്ര ചെയ്യുമ്പോൾ ഏത് ബി.എസ്.എൻ.എൽ എഫ്.ടി.ടി.എച്ച് വൈ-ഫൈ നെറ്റ്‌വർക്കിലേക്കും കണക്റ്റുചെയ്യാൻ കഴിയുന്ന വൈ-ഫൈ റോമിംഗ്, എഫ്.ടി.ടി.എച്ച് ഉപയോക്താക്കൾക്ക് ഇൻട്രാനെറ്റ് ലൈവ് ടിവി വഴി 500-ലധികം പ്രീമിയം ചാനലുകൾ, പുതിയ സിം കാർഡ് വാങ്ങാൻ എനി ടൈം സിം (എ.ടി.എസ്) കിയോസ്കുകൾ, ഉപഗ്രഹ സഹായത്തോടെ പ്രവർത്തിക്കുന്ന എസ്.എംഎസ് സേവനം, ദുരന്തനിവാരണ നെറ്റ്‌വർക്ക് സേവനം, ഖനന മേഖലയ്ക്ക് സുരക്ഷിതമായ 5ജി നെറ്റ്‌വർക്ക് എന്നിവയും അവതരിപ്പിച്ചു. എ.ടി.എസ് കിയോസ്കുകൾ വഴി പുതിയ സിം കാർഡുകളുടെ കെ.വൈ.സി പൂർത്തിയാക്കി പെട്ടെന്ന് ആക്‌ടീവേറ്റ് ചെയ്യാം.
Source link