KERALAM

ഗ്രാമീണർക്ക് പുഴ കടക്കാൻ റോപ്പ് വേ നിർമ്മിച്ച് ഭീമേഷ

കാസർകോട്:കുത്തിയൊഴുകുന്ന പുഴയ്‌ക്ക് കുറുകെ പാലം പണിയാൻ ഒരു ഗ്രാമം പതിറ്റാണ്ടുകളായി അധികൃതരോട് കേഴുകയായിരുന്നു. എന്ത് ഫലം. ഒടുവിൽ കർഷകനായ ഭീമേഷ ( 53)​ യൂ ട്യൂബിൽ തിരഞ്ഞ് പരിഹാരം കണ്ടെത്തി -ട്രോളി റോപ്പ് വേ. ബദിയടുക്ക മിഞ്ചനടുക്ക നിവാസികൾ ഒരു വർഷത്തോളമായി പെർഡാല പുഴ കടക്കുന്നത് ഈ ട്രോളി റോപ്പ് വേയിലൂടെയാണ്.

ഇരുകരകളിലെയും കവുങ്ങിൽ വടം കെട്ടി അപകടകരമായാണ് നാട്ടുകാർ പുഴ കടന്നിരുന്നത്. പുഴയുടെ മറുകരയിൽ ഭീമേഷയ്‌ക്ക് ഒന്നര ഏക്കർ കൃഷിഭൂമി ഉണ്ട്. അതും പ്രചോദനമായി. നേപ്പാളിൽ പർവ്വതങ്ങളുടെ ഇടയിൽ നിർമ്മിച്ച ട്രോളി റോപ്പ് വേ യൂട്യൂബിൽ കണ്ടുപിടിച്ചു. പോളിടെക്‌നിക്കിൽ പഠിച്ചതിന്റെ സാങ്കേതിക അറിവുകൾ അനുഗ്രഹമായി. കർണ്ണാടക പുത്തൂർ വിവേകാനന്ദ എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയർ പ്രൊഫ. സുനിൽകുമാറുമായി ആശയം പങ്കുവച്ചു. 60,000 രൂപ സ്വന്തമായി ചിലവാക്കി.

ഭീമേഷയുടെ മകൾ സുഷമ ബംഗളുരു ഇൻഫോസിസിൽ എൻജിനിയർ ആണ്. ഭാര്യ മാലതി കൃഷിയിൽ ഭീമേഷയെ സഹായിക്കുന്നു. ഇരുവരും ഒരുമിച്ച് റോപ്പ് വേയിൽ പുരയിടത്തിലെത്തും. പച്ചക്കറിയും വാഴക്കുലയും മറ്റു ശേഖരിച്ച് ട്രോളിയിൽ മടങ്ങും.

ട്രോളി റോപ്പ് വേ ഇങ്ങനെ

പുഴയുടെ ഇരു കരകളിലും രണ്ട് ഉരുക്ക് തൂണുകൾ വീതം തറനിരപ്പിൽ നിന്ന് ട്രോളിയിൽ കയറാവുന്ന ഉയരത്തിൽ സ്ഥാപിച്ചു. സ്റ്റേ വയർ പോലെ ഉരുക്ക് വടം കെട്ടി ബലപ്പെടുത്തി. ഇരുകരകളിലെയും തൂണുകളെ ബന്ധിപ്പിച്ച് രണ്ട് ഉരുക്ക് വടങ്ങൾ കെട്ടി. ഈ വടങ്ങളിലൂടെ നാല് കപ്പികളിൽ നീങ്ങുന്ന ട്രോളി വെൽഡ് ചെയ്‌തുണ്ടാക്കി. ട്രോളിയുടെ മുന്നിലും പിന്നിലുമായി കെട്ടിയ പ്ലാസ്റ്റിക് വടം ഇരുകരകളിലും തൂണുകൾക്കിടയിൽ സ്ഥാപിച്ച വലിയ രണ്ട് കപ്പികളിലൂടെ കറങ്ങും. തൂണുകളെ ബന്ധിപ്പിച്ച് ഒരു സപ്പോർട്ട് വടവും കെട്ടി. ആള് കയറി ഇരുന്ന് സപ്പോർട്ട് വടത്തിൽ പിടിച്ച് മുന്നോട്ട് ആയുമ്പോൾ ട്രോളി നീങ്ങും. രണ്ടു പേർക്ക് ഇരിക്കാം. 250 കിലോ വഹിക്കും. 10 വർഷം ഗ്യാരന്റി. 30 മീറ്ററാണ് ട്രോളി യാത്ര.


പാലം പണിയാൻ ഫണ്ടില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് മടക്കി. സ്വന്തമായി നിർമ്മിക്കാൻ തീരുമാനിച്ചു.

എം. ഭീമേഷ.



Source link

Related Articles

Back to top button