KERALAM

ജനങ്ങളുടെ പ്രശ്നങ്ങളിൽ കൃത്യമായ തീരുമാനമെടുക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം:ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ വ്യവസ്ഥകൾക്ക് വിധേയമായി പക്ഷപാതമില്ലാതെ ക്രമമായി കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. ‘എന്റെ ഭൂമി’ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ വകുപ്പും വിവിധമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ്. വേഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം വേണം. ചീഫ് സെക്രട്ടറി മുതൽ ശിപായി വരെയുള്ളവർ വ്യത്യസ്ത ചുമതലകളാണ് വഹിക്കുന്നത്. പലപ്പോഴും പലവിധ പ്രയാസങ്ങൾ ഉണ്ടാവാറുണ്ട്. നീതിപൂർവം കാര്യങ്ങൾ നിർവഹിക്കുന്നവരാണ് ഉദ്യോഗസ്ഥസമൂഹം. എന്നാൽ, എല്ലാം അങ്ങനെ എന്ന് പറയാനുമാവില്ല. ആധുനിക സാങ്കേതിക വിദ്യയുടെ ഗുണഫലം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിലെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ജനങ്ങൾക്ക് വേണ്ടിയുള്ളതാക്കി മാറ്റണം. ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാനോ ഹനിക്കാനോ കഴിയില്ല.

സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പന്ത്രണ്ട് പുതിയ റവന്യു ഇ-സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. റവന്യു റിക്കവറി ഡിജിറ്റൽ പേമെന്റ് സംവിധാനവും ഇ-സർവീസ് മൊബൈൽ ആപ്ലിക്കേഷൻ പരാതി പരിഹാര സംവിധാനങ്ങളും ഭൂമി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളുടെ വിവരം ലഭ്യമാക്കാനുള്ള സംവിധാനവും ഇ-സർവീസ് മുഖേനയാക്കി വരികയാണ്.

ഭൂമിസംബന്ധമായ എല്ലാവിവരങ്ങളും സമ്പൂർണമായി ഡിജിറ്റൽ സംവിധാനത്തിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.രാജൻ പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ടുള്ള വകുപ്പുകൾ പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുമ്പോൾ അതിന്റെ ഗുണഫലം കിട്ടുക ജനങ്ങൾക്കാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി. ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ പദ്ധതി വിശദീകരിച്ചു. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എം.എൽ.എമാരായ വി.കെ.പ്രശാന്ത്, ആന്റണിരാജു തുടങ്ങിയവർ പങ്കെടുത്തു.

ഇടപാടുകൾ സുതാര്യമാകും

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം മുൻനിറുത്തിയുള്ളതാണ് എന്റെ ഭൂമി സംയോജിത പോർട്ടൽ

വിവിധ ഓഫീസുകൾ കയറിയിറങ്ങാതെ ഭൂമിസംബന്ധമായ ഇടപാടുകൾ കാര്യക്ഷമമായും സുതാര്യമായും ഇതിലൂടെ ലഭ്യമാകും


Source link

Related Articles

Back to top button