കോടതി തീരുമാനം വരെ ദിവ്യയ്ക്ക് ഒളിക്കാം, പൊലീസ് കാവലുണ്ട്!

കണ്ണൂർ: പി.പി. ദിവ്യയ്ക്ക് കൂട്ടായി നിലകൊള്ളുന്ന പൊലീസ് നവീൻബാബുവിനെതിരായ കൈക്കൂലി ആരോപണത്തിൽ തെളിവ് തേടി നെട്ടോട്ടമോടുന്നു. എ.ഡി.എമ്മിന് കൈക്കൂലി നൽകിയതിന് തെളിവുണ്ടെന്ന് വരുത്തി ദിവ്യയ്‌ക്കെതിരായ പൊതുജന വികാരത്തിന്റെ തീവ്രത കുറയ്ക്കാനാണ് ശ്രമം. ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടും തുടക്കത്തിലെ ഉഴപ്പ് തുടരുകയാണ് അന്വേഷണസംഘം. നാളെയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. അതുവരെയെങ്കിലും ഒളിവുസംരക്ഷണം ഒരുക്കാനാണ് പൊലീസിന്റെ പരിശ്രമം.
നവീൻബാബുവിനെ ആത്മഹത്യയിലേക്കു നയിച്ച കുറ്റത്തിൽ 10വർഷം വരെ തടവ് ലഭിക്കാവുന്ന ഏക പ്രതിയാണ് ദിവ്യ. അവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ അറസ്റ്റും റിമാൻഡുമെല്ലാം വേണ്ടിവരും. അത് ഒഴിവാക്കുകയാണ് ലക്ഷ്യം. അതുവരെ സാക്ഷികളുടെ മൊഴിയെടുപ്പു തുടർന്നേക്കും.
വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറും ഹാജരാകാൻ കൂടുതൽ സമയം ദിവ്യയ്ക്ക് അനുവദിച്ചിട്ടുണ്ട്. തള്ളിപ്പറയുമ്പോഴും സർക്കാർ ദിവ്യയെ സംരക്ഷിക്കുന്നുവെന്ന വാദങ്ങൾ ശരിവയ്ക്കുന്നതാണ് ഇത്തരം നടപടികൾ. പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി.പ്രശാന്തനും എ.ഡി.എം കെ.നവീൻ ബാബുവും തമ്മിൽ കാണുന്നതായുള്ള സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടതിനുപിന്നിലും ഈ നീക്കമാണ് പ്രകടമായത്.
എ.ഡി.എമ്മിന്റെ ഫോൺ കാളുകൾ സംബന്ധിച്ച വിവരങ്ങളും കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപം കാറിൽ നിന്നിറങ്ങി ക്വാർട്ടേഴ്സിലേക്ക് എ.ഡി.എം മടങ്ങിയതുമായി ബന്ധപ്പെട്ട് ശേഖരിച്ച ദൃശ്യങ്ങളും അന്വേഷണസംഘം രഹസ്യമായി സൂക്ഷിക്കുകയാണ്.
എ.ഡി.എം ഓഫീസിൽ നിന്ന് തന്റെ ക്വാർട്ടേഴ്സിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്നെത്തിയ സ്‌കൂട്ടർ യാത്രക്കാരൻ വാഹനത്തിന്റെ വേഗത കുറച്ച് എന്തോ സംസാരിച്ചശേഷം വേഗത്തിൽ പോകുന്നതാണ് പുറത്തുവന്ന ദൃശ്യം. എ.ഡി.എമ്മിനെ പിന്തുടർന്ന സ്‌കൂട്ടർ യാത്രക്കാരൻ പ്രശാന്തനാണെന്ന് പൊലീസ് ഉറപ്പിച്ചു പറയുന്നു. എന്നാൽ, ക്വാർട്ടേഴ്സിൽ വച്ചാണ് എ.ഡി.എമ്മിനെ കണ്ടതെന്നാണ് പ്രശാന്തൻ നേരത്തേ പറഞ്ഞിരുന്നത്. കൈക്കൂലി കൊടുത്തുവെന്ന് പ്രശാന്തൻ ആവർത്തിച്ചിട്ടും കേസെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടുമില്ല. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയപ്പെടുന്ന പരാതി സോഷ്യൽ മീഡിയയിൽ ആദ്യം പ്രചരിച്ചത് ഏത് അക്കൗണ്ടിൽ നിന്നാണെന്നും പൊലീസ് അന്വേഷിച്ചിട്ടില്ല.
കൂടിക്കാഴ്ചാദൃശ്യം!
കൈക്കൂലി വാങ്ങിയതായി പ്രശാന്തൻ ആരോപണത്തിൽ പറയുന്ന, ഒക്‌ടോബർ ആറിലെ കൂടിക്കാഴ്ചാദൃശ്യം പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കവാടത്തിലെ ക്യാമറയിൽനിന്നാണ് പൊലീസ് ശേഖരിച്ചത്. കണ്ണൂർ മുനീശ്വരൻ കോവിൽ പരിസരത്തു നിന്നുള്ള ദൃശ്യങ്ങളും എ.ഡി.എമ്മിന്റെ മരണത്തിനു പിന്നാലെ ശേഖരിച്ചിരുന്നു.
14ന് വൈകിട്ട് 6 മണിക്ക് റെയിൽവേ സ്റ്റേഷന് 200 മീറ്റർ അകലെ മുനീശ്വരൻ കോവിലിനരികിൽ വാഹനത്തിൽനിന്നിറങ്ങിയ നവീൻബാബു സ്റ്റേഷന്റെ പരിസരത്തേക്ക് എത്തിയിട്ടില്ലെന്നാണു സൂചന. ഈ ഭാഗത്തെ സിസി ടിവി പരിശോധിച്ചാൽ എല്ലാം വ്യക്തമാകും. നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സിന് മുന്നിലെ സിസി ടിവിയും നിർണായകമാണ്.
ദിവ്യ ഒളിവിലെന്ന് പൊലീസ്
ദിവ്യക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും ഒളിവിലാണെന്നാണ് അന്വേഷണോദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഒളിവിലുള്ള പ്രതിക്കായി പ്രാഥമികമായി നടത്തുന്ന പരിശോധനകൾപോലും ദിവ്യക്കെതിരെ ഉണ്ടായിട്ടില്ല. ഭർത്താവ് വി.പി. അജിത്തും ദിവ്യ എവിടെയുണ്ടെന്ന ചോദ്യത്തിന് മറുപടി നൽകുന്നില്ല.
Source link