യോഗത്തിന് ക്ഷണിച്ചിട്ടില്ല, ദിവ്യ വിളിച്ചിരുന്നു പൊലീസിന് ജില്ല കളക്ടറുടെ മൊഴി

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ വിവാദ യാത്രഅയപ്പ് യോഗത്തിലേക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ടർ അരുൺ കെ.വിജയൻ ആവർത്തിച്ച് വ്യക്തമാക്കി. വകുപ്പുതല അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് നൽകിയ അതേ മൊഴിയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസിനും നൽകിയത്.

യാത്രഅയപ്പ് യോഗത്തിനു മുൻപ് ദിവ്യ വിളിച്ചിരുന്നു. കാൾ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് കൈമാറി. നവീൻ ബാബുവിനെതിരായ ആരോപണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല.അവധി നൽകാതെ എ.ഡി.എമ്മിനെ താൻ പീഡിപ്പിച്ചെന്ന ആരോപണം കളക്ടർ തള്ളി. എ.ഡി.എമ്മുമായി ഉണ്ടായിരുന്നത് സൗഹാർദപരമായ ബന്ധമാണ്. എല്ലാ കാര്യവും മൊഴിയിൽ പറഞ്ഞെന്നും മൊഴിയെടുപ്പ് രാത്രിയാക്കിയതിൽ അസ്വാഭാവികതയില്ലെന്നും അരുൺ മാദ്ധ്യമങ്ങളോട് പറഞ്ഞു

തിങ്കളാഴ്ച രാത്രി ഔദ്യോഗിക വസതിയിൽ എത്തിയാണ് പൊലീസ് കളക്ടറുടെ മൊഴിയെടുത്തത്.ദിവ്യ തലശേരി കോടതിയിൽ സമർപിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ളത് കളക്ടറുടെ ക്ഷണമനുസരിച്ചാണ് താൻ യോഗത്തിനെത്തിയതെന്നാണ്. അതുവഴി പോയപ്പോൾ യോഗം നടക്കുന്നതറിഞ്ഞ് വന്നുവെന്നായിരുന്നു യാത്രഅയപ്പ്യോഗത്തിലെ പ്രസംഗത്തിൽ പറഞ്ഞത്. അന്വേഷണത്തിന്റെ പരിധിയിൽ വരുന്നതിനാൽ മൊഴിയിൽ പറഞ്ഞ കൂടുതൽ കാര്യങ്ങൾ പുറത്തുപറയാൻ ഉദ്ദേശിക്കുന്നില്ലെന്നു കളക്ടർ വ്യക്തമാക്കി. ദിവ്യയ്ക്കൊപ്പം കളക്ടർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് നവീൻ ബാബുവിന്റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ, ഒരു സാക്ഷിയെന്ന നിലയിൽ പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് കളക്ടർ പറഞ്ഞു.


Source link
Exit mobile version