മുൻ ചീഫ് സെക്രട്ടറിക്ക് സർക്കാർ നൽകുന്നത് മാസം 6.37 ലക്ഷം പെൻഷനും കിഫ്ബി ശമ്പളവുമടക്കം

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായി പുനർനിയമനം ലഭിച്ച കെ.എം.എബ്രഹാമിന് പെൻഷൻ ഉൾപ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. കിഫ്ബി സി.ഇ.ഒ എന്ന നിലയിൽ 3.87 ലക്ഷവും സർവീസ് പെൻഷനായി 2.50 ലക്ഷവും. കെ.ബാബു എം.എൽ.എ നിയമസഭയിൽ നൽകിയ ചോദ്യത്തിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ രേഖാമൂലം നൽകിയ മറുപടിയിലാണിത്.
2018ലാണ് എബ്രഹാമിന് പുനർനിയമനം നൽകിയത്. കിഫ്ബി സി.ഇ.ഒ എന്ന നിലയിൽ ഇതുവരെ 2.73 കോടിയാണ് ശമ്പളമായി നൽകിയത്. ലീവ് സറണ്ടറായി 6.84 ലക്ഷം രൂപയും ഉത്സവ ബത്തയായി 19,250 രൂപയും നൽകി. തുടക്കത്തിൽ 2.75 ലക്ഷം രൂപയായിരുന്നു ശമ്പളം. 2019 ജനുവരിയിൽ 27,500 രൂപ, 2020ൽ 27,500, 2022ൽ 19,250, 2023ൽ 19,250, 2024 ഏപ്രിലിൽ 19,250 എന്നിങ്ങനെ വർദ്ധിപ്പിച്ചതോടെയാണ് 3,87,750 രൂപയിലെത്തിയത്.
3 റിട്ട. ഉദ്യോഗസ്ഥർക്കും
ഉയർന്ന ശമ്പളം
കെ.എം.എബ്രഹാമിന് പുറമെ മൂന്ന് റിട്ട. ഉദ്യോഗസ്ഥരെ കൂടി കിഫ്ബിയിൽ ഉയർന്ന ശമ്പളത്തിൽ പുനർ നിയമിച്ചിട്ടുണ്ടെന്നും ധനമന്ത്രിയുടെ മറുപടിയിലുണ്ട്. അഡീഷണൽ സി.ഇ.ഒയായി നിയമിച്ചയാൾക്ക് നൽകുന്നത് പ്രതിമാസം 1.88 ലക്ഷം രൂപ. സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചയാൾക്ക് 1.10 ലക്ഷവും സീനിയർ ജനറൽ മാനേജരായി നിയമിച്ചയാൾക്ക് 1.11 ലക്ഷവും രൂപയും. പെൻഷന് പുറമെയാണ് ഇവർക്ക് ഈ ശമ്പളവും നൽകുന്നത്.
Source link