വോട്ടുതേടി ഓട്ടം; പാലക്കാട് പ്രചാരണം സജീവം
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി മുന്നണികൾ. വോട്ട് കച്ചവടവും മുന്നണികൾ തമ്മിലുള്ള ഡീലും വ്യക്തിപരമായ ആക്ഷേപങ്ങളും പരസ്പരം ഉന്നയിച്ച് സ്ഥാനാർത്ഥികളും… പാലക്കാട്ടെ തിരഞ്ഞെടുപ്പിന് വീറും വാശിയും കൂടുകയാണ്.
യു.ഡി.എഫ് മണ്ഡലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് ചന്ദ്രനഗറിൽ നിയോജകമണ്ഡലം കൺവൻഷനും സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെ എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോയുമുണ്ടായിരുന്നു. ബി.ജെ.പിയുടെ ശക്തി പ്രകടനമായി റോഡ് ഷോ.
പുത്തൂർ, സിവിൽ സ്റ്റേഷൻ പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ പ്രചാരണം. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിന്റെ പ്രചാരണം ഉച്ച കഴിഞ്ഞ് കണ്ണാടി പഞ്ചായത്തിലായിരുന്നു.
കൂട്ടിയും കുറച്ചും സ്ഥാനാർത്ഥികൾക്കെതിരായ വിമർശനങ്ങൾ ഇന്നലെയും തുടർന്നു. ഒരാഴ്ച മുമ്പ് വരെ സ്വന്തം പാർട്ടിയിലുണ്ടായിരുന്ന സരിന് പക്വതയില്ലെന്ന് ഡി.സി.സി പ്രസിഡന്റ്. പ്രതികരണത്തിൽ മിതത്വം പാലിക്കണമെന്ന സി.പി.എം നിർദേശത്തിന് വഴങ്ങിയ സരിൻ കോൺഗ്രസുകാരുടെ ആക്ഷേപങ്ങളോട് സലാം പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് വരെ പാലക്കാട്ടേക്ക് മത്സരിക്കാനെത്തുമെന്ന് കരുതിയിരുന്ന ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്ത് നഗരത്തിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് അഞ്ജാതർ കത്തിച്ചതിൽ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അടുത്ത ദിവസങ്ങളിൽ ഇടതുമുന്നണി സ്ഥാനാർഥിക്കായി വോട്ട് തേടിയെത്തും.
Source link