കരടി നാട്ടിലിറങ്ങി തെരുവ് നായ്‌ക്കളെ ഓടിച്ചോ? വനംവകുപ്പിന് പറയാനുള്ളത് ഇങ്ങനെ

തിരുവനന്തപുരം: വെള്ളറടയിൽ റബ്ബർ ടാപ്പിംഗിന് പോയയാൾ പേരിക്കോട് പ്രദേശത്ത് കരടിയെ കണ്ടെന്ന പ്രചരണം ഉണ്ടായത് ദിവസങ്ങൾക്ക് മുൻപാണ്. വിവരം അന്ന് വ്യാപകമായി പ്രചരിതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കരടിയുടെ സാന്നിദ്ധ്യമോ വരാനുള്ള സാദ്ധ്യതയോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും വെള്ളറട ആനപ്പാറ ജംഗ്ഷനിൽ കരടി ഇറങ്ങിയതായും തെരുവ് നായ്ക്കളെ ഓടിക്കുന്നതായുമുള്ള സി.സി .ടിവി ദൃശ്യം സാമൂഹ മാദ്ധ്യമങ്ങളിലും വാർത്താ ചാനലുകളിലും വ്യാപകമായി പ്രചരിപ്പിച്ചു.ഇത് ജനങ്ങളെ വീണ്ടും ഭീതിയിലാക്കി.
തുടർന്ന് ഇന്നലെ രാവിലെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോയി ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ ആർ.ആർ.ടി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തി.എന്നാൽ കരടിയുടെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചില്ല.
മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സി.സി .ടിവി ദൃശ്യങ്ങൾ വെള്ളറടയിലുള്ളതല്ലെന്നും ആറുമാസത്തിന് മുൻപ് കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് സമീപമുള്ള അഴകിയ മണ്ഡപത്തിൽ കരടി ഇറങ്ങിയപ്പോഴുള്ള ദൃശ്യങ്ങളാണെന്നും കണ്ടെത്തി.എന്നാലും പ്രദേശവാസികളുടെ പേടി മാറാത്തതിനാൽ കരടിയുടെ സാന്നിദ്ധ്യം കണ്ടുവെന്ന് പറഞ്ഞ പ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
Source link