തിരുവനന്തപുരം: നൈറ്റ് പട്രോളിംഗിനുള്ള വാഹനക്ഷാമം പരിഹരിക്കാൻ 25 വാഹനങ്ങൾ ആവശ്യപ്പെട്ട സിറ്റി പൊലീസ് നേതൃത്വത്തിന് ലഭിച്ചത് ‘എല്ലായിടത്തും ക്യാമറ ഉണ്ടല്ലോ’ എന്ന മറുപടി.
ക്യാമറാ നിരീക്ഷണമുള്ളതിനാൽ സിറ്റി പൊലീസ് രാത്രിയിൽ വാഹനങ്ങളിൽ എല്ലായിടത്തും ഓടിയെത്തേണ്ട ആവശ്യമില്ലെന്നാണ് പൊലീസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
നഗരത്തിലെ 24 സ്റ്റേഷനുകൾക്കും ഓരോ വാഹനങ്ങളും കൺട്രോൾറൂമിന് ഒരെണ്ണവുമാണ് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജ്ജൻകുമാർ ആവശ്യപ്പെട്ടത്. എന്നാൽ കൺട്രോൾറൂമിലേക്ക് ഒറ്റവണ്ടി മാത്രമാണ് അനുവദിച്ചത്. പാർവതീപുത്തനാറിലേക്ക് മറിഞ്ഞ പേട്ട പൊലീസിന്റെ ജീപ്പുപോലും മാറ്റി നൽകാനായിട്ടില്ല. തലസ്ഥാനത്ത് പൊലീസ് നിരീക്ഷണത്തിന് മുന്നൂറോളം ക്യാമറകളുണ്ടെന്ന ന്യായം പറഞ്ഞാണ് വാഹനങ്ങൾ അനുവദിക്കാത്തത്.
എന്നാൽ കാമറകളിൽ ഭൂരിപക്ഷവും പ്രവർത്തിക്കുന്നില്ലെന്നതാണ് വാസ്‌തവം. മ്യൂസിയത്ത് പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയെ പൊലീസിന്റെ ക്യാമറയിൽ കണ്ടെത്താനായിരുന്നില്ല. വഴുതക്കാട് പൊലീസ് ആസ്ഥാനത്തിനു സമീപത്തെ സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരം മോഷണം പോയത് അടുത്തിടെയാണ്. സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും എ.ടി.എമ്മുകളിലുമുള്ള ക്യാമറകളാണ് അന്വേഷണങ്ങളിൽ പൊലീസിന് തുണയാകുന്നത്.
15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര നിർദ്ദേശമുള്ളതിനാൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഓടിക്കാനാവില്ല. കണ്ടിഷനല്ലാത്ത പൊലീസ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പെരുവഴിയിലാകുന്നതും പതിവാണ്. ഇത് രാത്രികാല പട്രോളിംഗിനെയടക്കം ബാധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് സ്‌പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വാഹനം ട്രാഫിക് സിഗ്നലിൽ വച്ച് കത്തിയത് അടുത്തിടെയാണ്. ആഗസ്റ്റിൽ 55 ജീപ്പുകൾ വാങ്ങിയിരുന്നെങ്കിലും കാലാവധി കഴിഞ്ഞവയ്ക്ക് പകരം നൽകി. 30ഹോണ്ട യൂണികോൺ ബൈക്കുകളും 25ബജാജ് പൾസർ ബൈക്കുകളും പട്രോളിംഗിനായി അന്ന് പുറത്തിറക്കിയിരുന്നു.
‘ഗൂർഖ’ സിറ്റിയിലേക്കില്ല
ഫോഴ്സ് കമ്പനിയുടെ ഗൂർഖ എന്നയിനം ജീപ്പുകൾ പൊലീസ് വാങ്ങിയെങ്കിലും അവ സിറ്റിയിലേക്കില്ല. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെയും ദുർഘട പ്രദേശങ്ങളിലെയും 46 സ്റ്റേഷനുകൾക്കാണ് ഇവ നൽകിയത്. പൊന്മുടി സ്റ്റേഷന് ഗൂർഖ നൽകിയിരുന്നു. ഒരു ജീപ്പിന് 13.25 ലക്ഷം രൂപയാണ് വില. മാവോയിസ്റ്റ് വേട്ടയ്ക്കുള്ള കേന്ദ്രസഹായമടക്കം ഉപയോഗിച്ചാണിവ വാങ്ങിയത്.
കൂടുതൽ വാഹനങ്ങൾ കിട്ടിയാൽ രാത്രിപട്രോളിംഗ്
ശക്തമാക്കാം, പൊലീസ് സാന്നിദ്ധ്യം കൂട്ടാം
-ജി.സ്‌പർജ്ജൻകുമാർ,
സിറ്റി പൊലീസ് കമ്മിഷണർ
Source link