ഞാൻ കലൈജ്ഞറുടെ പേരക്കുട്ടി: സനാതന ധർമ വിവാദത്തിൽ മാപ്പു പറയില്ലെന്ന് ഉദയനിധി – Udhayanidhi stalin will not apologize for Sanatana Dharma controversy | Latest News | Manorama Online
ഞാൻ കലൈജ്ഞറുടെ പേരക്കുട്ടി: സനാതന ധർമ വിവാദത്തിൽ മാപ്പു പറയില്ലെന്ന് ഉദയനിധി
ഓൺലൈൻ ഡെസ്ക്
Published: October 22 , 2024 05:26 PM IST
1 minute Read
ഉദയനിധി സ്റ്റാലിൻ (File Photo: Harilal S.S / Manorama)
ചെന്നൈ ∙ സനാതന ധർമ വിവാദത്തിൽ മാപ്പു പറയില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. താൻ കലൈജ്ഞറുടെ പേരക്കുട്ടിയാണെന്നും മാപ്പു പറയില്ലെന്നും ഉദയനിധി പറഞ്ഞു. സനാതന ധർമത്തെ ഡെങ്കുവിനോടും മലേറിയയോടും ഉപമിച്ച് 2023 സെപ്റ്റംബറിൽ നടത്തിയ പരാമർശമാണ് വിവാദത്തിലായത്.
തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും ദ്രാവിഡ നേതാവായ പെരിയാറിന്റെയും മുൻ മുഖ്യമന്ത്രിമാരായ സി.എൻ.അണ്ണാദുരൈയുടെയും എം.കരുണാനിധിയുടെയും കാഴ്ചപ്പാടുകളാണ് താൻ ആവർത്തിച്ചതെന്നും തിങ്കളാഴ്ച നടന്ന പൊതുപരിപാടിയിൽ ഉദയനിധി പറഞ്ഞു. ‘‘സ്ത്രീകളെ അടിച്ചമർത്തുന്നതിനെയും അവർക്ക് പഠിക്കാനും വീടിനു പുറത്തിറങ്ങാനും അനുമതിയില്ലാതിരുന്നതിനെയും ഭർത്താവ് മരിച്ചാൽ ചിതയിൽ ഒപ്പം ചാടേണ്ടിയിരുന്നതിനെയും കുറിച്ചാണ് പറഞ്ഞത്. പെരിയാറും ഇതിനെയെല്ലാം എതിർത്തിരുന്നു. പെരിയാറും അണ്ണായും കലൈജ്ഞറും പറഞ്ഞതാണ് ഞാൻ ആവർത്തിച്ചത്. എന്നാൽ എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയിലെ വിവിധ കോടതികളിൽ എനിക്കെതിരെ കേസുണ്ട്. ഞാൻ മാപ്പു പറയണമെന്നാണ് അവർ പറയുന്നത്. എന്നാൽ ഞാൻ എന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. കലൈജ്ഞറുടെ പേരക്കുട്ടിയാണ് ഞാൻ. മാപ്പു പറയില്ല’’ – ഉദയനിധി പറഞ്ഞു.
സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നതായും ദൂരദർശനിൽ സംപ്രേഷണം ചെയ്ത സംസ്ഥാന ഗീതം ‘തമിഴ് തായ് വാഴ്ത്തി’ൽനിന്ന് ഏതാനും വാക്കുകൾ ഒഴിവാക്കിയത് അതിന്റെ ഭാഗമായാണെന്നും ഉദയനിധി ആരോപിച്ചു.
English Summary:
Udhayanidhi stalin will not apologize for Sanatana Dharma controversy
mo-news-common-latestnews mo-politics-leaders-udayanidhistalin 6idg3umdvsnra07liienjeevl7 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-tamilnadu mo-politics-leaders-mkarunanidhi
Source link