ദിവ്യയെ കൈവിട്ട് മുഖ്യമന്ത്രി, മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

കണ്ണൂർ: പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ സർക്കാരിന്റെ യാതൊരു പിന്തുണയും അവർക്ക് നൽകുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി യോഗത്തിൽ വ്യക്തമാക്കി. ദിവ്യയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ ടൗൺ സ്റ്റേഷനിൽ ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ പ്രശാന്തൻ മാദ്ധ്യമങ്ങളെ കണ്ടതോടെ വീണ്ടും ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് തിരിഞ്ഞോടി. പരാതിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ? രണ്ട് ഒപ്പുകൾ തമ്മിൽ എങ്ങനെ വ്യത്യാസം വന്നു ?എന്നീ ചോദ്യങ്ങൾ മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചതോടെയാണ് പ്രശാന്തൻ പ്രതികരിക്കാതെ തിരിഞ്ഞോടിയത്. പിന്നീട് പ്രശാന്തനെ മാദ്ധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല.

ഇന്നലെ രാവിലെ മാദ്ധ്യമങ്ങളെ കണ്ട മന്ത്രി വീണാ‌ജോർജ് നവീൻ ബാബുവിനെ സത്യസന്ധനായ ഉദ്യോഗസ്ഥൻ എന്ന് പ്രശംസിച്ചിരുന്നു. പെട്രോൾ പമ്പ് വിഷയത്തിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തനെ ജോലിയിൽ നിന്ന് ഉടൻ പുറത്താക്കുമെന്നും വീണാജോർജ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കരാർ ജീവനക്കാരനാണ് പ്രശാന്തൻ.

ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനെതിരെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബം കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. നവീനിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഡ്വ. ജോൺ റാൽഫ്, അഡ്വ. പി.എം.സജിത എന്നിവർ ദിവ്യയുടെ ജാമ്യ ഹർജിക്കുള്ള ആക്ഷേപം ബോധിപ്പിക്കുന്നതിന് സമയം ആവശ്യപ്പെട്ടു. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളടക്കം പൊലീസ് ഹാജരാക്കണമെന്ന് ഇന്നലെ കോടതി നിർദ്ദേശിച്ചു. ദിവ്യയ്ക്കു വേണ്ടി അഡ്വ.കെ.വിശ്വൻ ഹാജരായി.

ജാമ്യസാദ്ധ്യത കുറവ്

പൊലീസിനു ജാമ്യം നൽകാൻ വ്യവസ്ഥയില്ലാത്ത വകുപ്പു പ്രകാരമാണ് ദിവ്യയ്‌ക്കെതിരെ കേസ്. അറസ്റ്റ് തടയാനാണ് കോടതിയെ സമീപിച്ചത്. ഏഴു വർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അതിനാൽ കീഴ്‌ക്കോടതികളിൽ നിന്ന് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്.

ഹർജി തള്ളിയാൽ ദിവ്യ ഹൈക്കോടതിയെ സമീപിക്കും. ഇതിനുള്ള അവസരമൊരുക്കാനാണ് പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

‘എ.ഡി.എം നവീൻ ബാബു എനിക്ക് അറിയാവുന്ന ഉദ്യോഗസ്ഥനാണ്. പ്രളയകാലത്തും കൊവിഡ് കാലത്തും ഒപ്പം പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥി ജീവിതകാലം മുതൽ അറിയാം. ഒരു കള്ളംപോലും പറയരുതെന്ന ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം മുന്നോട്ടു പോയത്.”

– മന്ത്രി വീണാജോർജ്


Source link
Exit mobile version