കോൺഗ്രസിന് ഭീഷണിയായി പാലക്കാട്ട് വിമത സ്ഥാനാർത്ഥി; മറ്റന്നാൾ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ഷാനിബ്
പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. സതീശൻ ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രിപദത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.പാലക്കാട് മത്സരിക്കുമെന്നും ഷാനിബ് വ്യക്തമാക്കി. സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പ്രഖ്യാപനം. ഇന്ന് നോമിനേഷൻ ഫോം വാങ്ങുമെന്നും മറ്റന്നാൾ നോമിനേഷൻ കൊടുക്കുമെന്നും ഷാനിബ് പറഞ്ഞു.താൻ സ്ഥാനാർത്ഥിയാകുന്നത് ഒരിക്കലും ബി ജെ പിക്ക് അനുകൂലമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി ഡി സതീശനും ഷാഫി പറമ്പിലും ചേർന്ന് കോൺഗ്രസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഷാഫി പറമ്പിൽ വാട്സാപ്പിൽ അയച്ചുകൊടുക്കുന്നതാണ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാനിബ് രംഗത്തെത്തിയത്. “പാലക്കാട്ട് ഒരു സമുദായത്തിൽപ്പെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണ്. ആ സമുദായത്തിൽ നിന്ന് ഞാൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിന് വേണ്ടി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻ ചാണ്ടി അസുഖ ബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻ ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി അത് അട്ടിമറിച്ച് വിഡി സതീശനൊപ്പം നിന്നു.”- എന്ന് കഴിഞ്ഞ ദിവസം ഷാനിബ് ആരോപിച്ചിരുന്നു.
Source link