KERALAM

ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയത് ലക്ഷങ്ങൾ; ഡിവെെഎഫ്ഐ മുൻ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കാസർകോട് മുൻ ഡിവെെഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സച്ചിത റെെയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. ഇവർക്കെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളിൽ നിന്ന് ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് മാനേജർ, കർണാടക എക്‌സെെസിൽ ക്ലാർക്ക്, എസ്ബിഐ ബാങ്കിൽ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തിൽ ജോലി എന്നിവ വാഗ്ദാനം ചെയ്താണ് മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അദ്ധ്യാപികയായിരുന്ന സച്ചിത പലരേയും പറ്റിച്ചത്. ഒരു ലക്ഷം മുതൽ പതിനഞ്ച് ലക്ഷം രൂപ വരെ പലരിൽ നിന്നായി വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തിട്ടുണ്ട്.

കർണാടക എക്‌സെെസിൽ ജോലി നൽകാമെന്ന് പറഞ്ഞ് ബാഡൂർ സ്വദേശി മലേഷിന്റെ കെെയിൽ നിന്ന് ഒരു ലക്ഷം രൂപയാണ് സച്ചിത തട്ടിയത്. തന്റെ മകന്റെ അദ്ധ്യാപിക ആയതിനാലാണ് വിശ്വസിച്ച് കാശ് നൽകിയതെന്ന് യുവാവ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയുമായി സച്ചിത റെെ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളതിനാലാണെന്നാണ് ആരോപണം.


Source link

Related Articles

Back to top button