വിമാനത്തിന് വ്യാജ ഭീഷണി, ജീവപര്യന്തം ഉറപ്പാക്കും, നിയമ ഭേദഗതിക്ക് കേന്ദ്രം

നിലത്തിറക്കിയത് 100 ഫ്ലൈറ്റ്

ന്യൂഡൽഹി:വിമാനങ്ങൾക്ക് വ്യാജ ഭീഷണി മുഴക്കിയാലും ജീവപര്യന്തംവരെ തടവും പിഴയും ശിക്ഷ നൽകും.

നിയമഭേദഗതി ഉടൻ കൊണ്ടുവരും. കുറ്റവാളികളെ,​ വിമാന യാത്ര സാദ്ധ്യമാകാത്ത നോ ഫ്ളൈ പട്ടികയിൽ പെടുത്തും.

ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ കമ്പനികളുടെ നൂറിലേറെ വിമാനങ്ങൾക്ക് വ്യാ‌ജ ബോംബ് ഭീഷണി നേരിട്ട സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. പരിശോധനയ്ക്കായി വിമാനങ്ങൾ തിരിച്ചിറക്കിയതിലൂടെ കോടികളുടെ നഷ്ടം നേരിട്ടു. കണക്ടഡ് ഫ്ളൈറ്റുകൾ കിട്ടാതെ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു.
1980ലെ വ്യോമയാന സുരക്ഷാ നിയമത്തിൽ വിമാനത്തിൽ വച്ചുള്ള ഭീഷണിക്ക് ജീവപര്യന്തവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. പറക്കാനൊരുങ്ങുന്നതും പറക്കുന്നതുമായ വിമാനങ്ങൾക്ക് പുറത്തുനിന്നുള്ള ഭീഷണിയും ഇനി ഗുരുതര കുറ്റമാവും. അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെയായിരിക്കും ശിക്ഷ. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളാണ് ഭീഷണിക്കാർ കൂടുതലും ഉപയോഗിക്കുന്നത്. ഇതു തടയാനും നടപടിയുണ്ടാകും.

`യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന. വ്യാജ ഭീഷണികൾക്ക് ഭീകര ബന്ധം ഇപ്പോൾ പറയാനാകില്ല.’

-കെ. രാംമോഹൻ നായിഡു,​

വ്യോമയാന മന്ത്രി

എയർ ഇന്ത്യയ്ക്ക്

പന്നൂന്റെ ഭീഷണി

സിക്ക് വിരുദ്ധ കലാപത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് എയർ ഇന്ത്യാ വിമാനങ്ങൾ ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ ഭീകരൻ പന്നൂൻ. നവംബർ 1-19 കാലയളവിൽ എയർ ഇന്ത്യയിൽ കയറരുതെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വർഷവും ഇതേ ഭീഷണി ഉയർത്തിയിരുന്നു. സിക്ക്സ് ഫോർ ജസ്റ്റിസ് സ്ഥാപകനായ പന്നൂൻ ഇപ്പോൾ യു.എസിലാണ്.

ഡി.ജി.സി.എ

മേധാവിയെ മാറ്റി

ബോംബ് ഭീഷണികൾ പതിവായതിന് പിന്നാലെ സിവിൽ വ്യോമയാന ഡയറക്‌ടർ ജനറൽ (ഡി.ജി.സി.എ) വിക്രം ദേവ് ദത്തിനെ ഞായറാഴ്ച കൽക്കരി മന്ത്രാലയത്തിലേക്ക് മാറ്റി. പകരം നിയമനം നടത്തിയിട്ടില്ല.

നെടുമ്പാശേരിയിൽ
യാത്രക്കാരൻ അറസ്റ്റിൽ

ആലുവ: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരന്റെ നുണബോംബ് ഭീഷണിയെ തുടർന്ന് മുംബയിലേക്കുള്ള വിസ്താര വിമാനം അര മണിക്കൂർ വൈകി.

യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രണ്ടാംഘട്ട ദേഹപരിശോധന നടത്തിയപ്പോഴാണ് മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനൻ ‘ഞാൻ ബോംബാണ്’ എന്ന് ഭീഷണി മുഴക്കിയത്. സി.ഐ.എസ്.എഫുകാർ ബലം പ്രയോഗിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.വൈകിട്ട് 3.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4.20നാണ് പോയത്. പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി.


Source link
Exit mobile version