ഖലിസ്താൻ ഭീകരരെ കാനഡ സമ്പാദ്യമായി കാണുന്നു, ആശങ്കകൾ ട്രൂഡോ സർക്കാർ ഗൗരവമായെടുക്കണം- സഞ്ജയ് കുമാർ വർമ
ഒട്ടാവ: ചില ഖലിസ്താൻ ഭീകരരെ കാനഡയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ്(സി.എസ്.ഐ.എസ്.) തങ്ങളുടെ സമ്പത്തായാണ് കണക്കാക്കുന്നതെന്ന് ഇന്ത്യൻ സ്ഥാനപതിയായിരുന്ന സഞ്ജയ് കുമാർ വർമ. നിജ്ജർ വധക്കേസിൽ നിക്ഷിപ്തതാത്പര്യമുണ്ടെന്ന കാനഡയുടെ ആരോപണത്തെത്തുടർന്ന് വർമയെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.സി.ടി.വി.ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കാനഡയെ ശക്തമായി അപലപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശം. ഖലിസ്താൻ ഭീകരവാദത്തെ കാനഡ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയാണ്. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശികസമഗ്രതയെയും വെല്ലുവിളിക്കാൻ ശ്രമിക്കുന്നവരുമായി കിടക്കപങ്കിടുന്നതിനുപകരം തന്റെ ആശങ്കകൾ ട്രൂഡോ സർക്കാർ ഗൗരവമായെടുക്കണമെന്ന് വർമ പറഞ്ഞു. ഇന്ത്യയിലെന്ത് സംഭവിക്കണമെന്ന് ഇന്ത്യൻപൗരർ തീരുമാനിക്കും. ഖലിസ്താൻ ഭീകരവാദികൾ ഇന്ത്യക്കാരല്ല. അവർ കനേഡിയൻ പൗരരാണ്. മറ്റൊരുരാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാൻ സ്വന്തംപൗരരെ ഒരു രാജ്യവും അനുവദിക്കരുതെന്നും വർമ വ്യക്തമാക്കി.
Source link