ആലപ്പുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യന്റെ മകനും കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ ലാൽ വർഗീസ് കല്പകവാടിയുടെ (70) സംസ്കാരം ഇന്ന് ആലപ്പുഴയിൽ നടക്കും. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 8.30ന് ഹരിപ്പാട് കോൺഗ്രസ് ഓഫീസിൽ എത്തിക്കും. 9ഓടെ ഇവിടെ നിന്ന് വിലാപയാത്രയായി തോട്ടപ്പള്ളി കല്പകവാടിയിൽ കൊണ്ടുവന്ന് പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 4.30ന് ലാലിന്റെ ആഗ്രഹപ്രകാരം ആലപ്പുഴ നഗരസഭയിലെ വലിയചുടുകാട് ശ്മശാനത്തിൽ ദഹിപ്പിക്കും. ഭൗതിക അവശിഷ്ടങ്ങൾ കുടുബ പള്ളിയായ ചവറ തേവലക്കര പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.
ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ലാൽ വർഗീസിന്റെ അന്ത്യം. വിദ്യാഭ്യാസകാലം മുതൽ കോൺഗ്രസിനൊപ്പമായിരുന്ന ലാൽ 1980ൽ കർഷക കോൺഗ്രസിന്റെ സംസ്ഥാന ട്രഷറർ ആയി. 45 വർഷം കർഷക കോൺഗ്രസിൽ പ്രവർത്തിച്ചു. 17വർഷം സംസ്ഥാന പ്രസിഡന്റായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു. ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വൈദ്യൻ. മരുമകൾ: ആൻ വൈദ്യൻ(അന്ന). തിരക്കഥാകൃത്തും തോട്ടപ്പള്ളിയിലെ കൽപ്പകവാടി ഇന്നിന്റെ ഉടമയുമായ ചെറിയാൻ കല്പകവാടി സഹോദരനാണ്.
Source link