നവീന്റെ മരണം: അണയാതെ പ്രതിപക്ഷ പ്രതിഷേധം

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. കോൺഗ്രസ്,ബി.ജെ.പി,യൂത്ത് ലീഗ് പ്രവർത്തകർ ഇന്നലെ ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആരോപണവിധേയനായ ജില്ലാ കളക്ടർ അരുൺ കെ. വിജയനെ മാറ്റുക,പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷന് മുന്നിലെ റോഡ് യൂത്ത് ലീഗ് ഉപരോധിച്ചു. തുടർന്ന് അറസ്റ്റുചെയ്തു നീക്കിയതിൽ പ്രകോപിതരായ പ്രവർത്തകർ സ്റ്റേഷന്റെ അകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. നവീനെതിരെ പരാതി ഉന്നയിച്ച ടി.വി. പ്രശാന്തിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവും സംഘടപ്പിച്ചു.
Source link