അതിതീവ്രമഴയിൽ മലയിറങ്ങിയ കണ്ണാന്തളിയെ കണ്ടവരുണ്ടോ?

തൃശൂർ: ഇടിച്ചുനിരത്തലിനു പുറമേ, അതിതീവ്രമഴയിൽ മണ്ണിടിച്ചിലും കൂടിയതോടെ, കുന്നിറങ്ങുകയാണ് വംശനാശത്തിന്റെ വക്കിലെത്തിയ കണ്ണാന്തളിച്ചന്തം.
കേച്ചേരി പെരുവൻമലയിൽ പത്ത് വർഷം മുൻപ് 500 അടിയോളം ഉയരത്തിൽ അമ്പതേക്കറോളം വിസ്തൃതിയിൽ കണ്ണാന്തളിച്ചെടികളുണ്ടായിരുന്നെങ്കിൽ, ഇന്ന് വിരലിലെണ്ണാൻ പോലുമില്ല.
അതിതീവ്രമഴയിൽ, മണ്ണും പുല്ലുമെല്ലാം താഴ് വാരത്തിലേക്ക് കുത്തിയൊലിച്ചപ്പോൾ, കണ്ണാന്തളിവിത്തും ഒഴുകിപ്പോയി. അടിവാരങ്ങളിൽ ഇവയ്ക്ക് വളരാനാവില്ല.
നിരവധി സഞ്ചാരികൾ കണ്ണാന്തളികളുടെ സൗന്ദര്യം ആസ്വദിക്കാൻ ജൂൺ മുതൽ നവംബർ വരെ എത്താറുള്ളതാണ്. കണ്ണാന്തളി ഇല്ലാതായതോടെ, വിനോദസഞ്ചാര പദ്ധതികൾ പാഴായി.
കൊച്ചിൻ ദേവസ്വം ഭൂമിയാണ് പെരുവൻമല. ഹെറിറ്റേജ് ടൂറിസത്തിനായി പെരുവൻമല വികസനപദ്ധതി കഴിഞ്ഞ വർഷത്തെ ദേവസ്വം ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
രണ്ടു പതിറ്റാണ്ടുമുമ്പേ
വാസസ്ഥലത്തിന് ഇളക്കം
# അമ്പത് ശതമാനത്തോളം വാസസ്ഥലം കണ്ണാന്തളിക്ക് നഷ്ടപ്പെട്ടുവെന്ന് 2005, 2015 ലും നടത്തിയ പഠനങ്ങളിൽ കാർഷിക സർവകലാശാല കണ്ടെത്തിയിരുന്നു.
മലപ്പുറത്തെ നരിമാളൻകുന്നിലും കണ്ണാന്തളി വ്യാപകമായി വളർന്നിരുന്നു.
# ചെങ്കൽക്കുന്നുകളിൽ മാത്രം മുളയ്ക്കുന്ന വിത്തുകൾ ചെടിയായശേഷം നാലുമാസത്തിനുള്ളിൽ ഉണങ്ങും. തേയിലപ്പൊടിയേക്കാൾ നന്നേ ചെറിയ വിത്തുകൾ പുല്ലുകൾക്കിടയിൽ കിടന്ന്, മഴയിൽ കിളിർക്കും. ഡെക്കാൻ പീഠഭൂമിയിലും പശ്ചിമഘട്ട പുൽമേടുകളിലും കാണപ്പെടുന്നു. ഒരാഴ്ചയിലധികം പൂക്കൾ കൊഴിയാതെ നിൽക്കും
നേത്രചികിത്സയിൽ
കിട്ടിയ പേര്
നേത്രചികിത്സയ്ക്ക് സത്ത് കണ്ണിലൊഴിക്കുന്നതിനാലാകണം കണ്ണാന്തളിയെന്ന് അറിയപ്പെടുന്നത്. സംസ്‌കൃതത്തിൽ അക്ഷീപുഷ്പിയാണ്. ഓണപ്പൂവ്, കാച്ചിപ്പൂ, പറമ്പൻപൂവ്, കൃഷ്ണപൂവ് എന്നീ പേരിലും അറിയപ്പെടുന്നു. പേർഷ്യൻ ജെർമ്മൻ വയലറ്റ് എന്നും പേര്. ശാസ്ത്രീയനാമം എക്‌സാക്കം ബൈകളർ
`കണ്ണാന്തളിയുടെ നാശത്തിന് അതിതീവ്രമഴയിലെ മണ്ണിടിച്ചിലും പ്രധാനകാരണമാകാം. പുല്ലുകൾ നഷ്ടപ്പെടുമ്പോൾ വിത്തുകളും ഒലിച്ചുപോകും. വിശദപഠനം നടത്തേണ്ടതുണ്ട്.’
– ഡോ.പി.സുജനപാൽ
സിൽവി കൾച്ചർ വകുപ്പ് മേധാവി,
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി.
Source link