KERALAM

അസ്ഥിത്തറയിലും വെളിച്ചമായി നവീൻ

പത്തനംതിട്ട : ഇനി അസ്ഥിത്തറയിലെ തിരിനാളമായി നവീൻ ബാബുവിന്റെ ഓർമ്മകൾ ജ്വലിക്കും. അപ്രതീക്ഷിത വിയോഗത്തിന്റെ വിഭ്രാന്തിയിലാണ് ഇപ്പോഴും കുടുംബമെങ്കിലും അഞ്ചാം നാൾ ഇളയമകൾ നിരുപമ കർമ്മിയായി സഞ്ചയന ചടങ്ങുകൾ നടന്നു.

പ്രത്യേകം നിർമ്മിച്ച അസ്ഥിത്തറയിൽ കുടം വച്ച ശേഷം വിളക്ക് കൊളുത്തി. അസ്ഥി പുണ്യ നദിയിൽ നിമജ്ജനം ചെയ്യുന്നതുവരെ ഈ തറയിൽ എന്നും വിളക്കുവയ്ക്കും.

നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും മൂത്ത മകൾ നിരഞ്ജനയും അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും പങ്കെടുത്തു.

നല്ല ഓർമ്മകൾ മാത്രം

കാരുവള്ളിലെ വീട്ടിൽ ഇനിയുള്ളത് അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ മാത്രമെന്ന് നവീൻ ബാബുവിന്റെ പത്നി മഞ്ജുഷ. നവീൻ ബാബുവിന്റെ വിയോഗത്തിന് ഏഴ് ദിവസം പിന്നിട്ടിരിക്കുന്നു. തലേന്ന് രാത്രി വരുമെന്ന് പറഞ്ഞു പോയ വാക്കിൽ നിന്ന് ഇപ്പോഴും അണുവിട ചലിയ്ക്കാൻ കഴിയുന്നില്ല മഞ്ജുഷയ്ക്ക്.

അദ്ദേഹത്തിന്റേതായി നല്ല ഓർമ്മകൾ മാത്രമേയുള്ളുവെന്ന് പറയുമ്പോഴും വാക്കുകൾ ഇടറി. എല്ലായ്പോഴും സൗമ്യനായി ഇടപെടുന്ന വ്യക്തിയായിരുന്നു. മക്കളോടും അങ്ങനെതന്നെ. കുട്ടികളെ അവരുടെ കഴിവിൽ ആത്മവിശ്വാസത്തോടെ വളർത്തണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ തന്നെയാണ് മക്കൾ വളർന്നതും. പതിനെട്ടാം വയസിൽ പി.എസ്.സി പരീക്ഷ പാസായി 23 -ാം വയസിൽ സർവീസിലെത്തിയ ആളാണ് നവീൻ ബാബു. മക്കളായ നിരൂപമയ്ക്കും നിരഞ്ജനയ്ക്കും മാതൃകാജീവിതം കൂടിയായിരുന്നു നവീനിന്റേത്.


Source link

Related Articles

Back to top button