കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ, കറുത്തമ്മയെ കണ്ടപ്പോൾ ചെമ്മീനിലെ പരീക്കുട്ടിയേക്കാൾ ഉഷാറായി മധു

തിരുവനന്തപുരം: ‘കുറച്ച് വർഷം മുൻപ് ശംഖുംമുഖം തീരത്തിലൂടെ നടന്നപ്പോൾ മകളുടെ പ്രായമുള്ള ഒരു സ്ത്രീ ഓടിയെത്തി മോനെ പരീക്കുട്ടി എന്ന് വിളിച്ചു.അവരുടെ മനസിൽ പരീക്കുട്ടി ഇന്നും ചെറുപ്പമാണ്…’ ചെമ്മീനിൽ അഭിനയിച്ച ശേഷം തനിക്കുണ്ടായ അനുഭവം മധു പങ്കുവച്ചപ്പോൾ കറുത്തമ്മയായി എത്തിയ ഷീല തലക്കുലുക്കി ചിരിച്ചു. തിക്കുറിശ്ശി ഫൗണ്ടേഷൻ തമ്പാനൂർ റെയിൽവേ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം ഷീല പോയത് കണ്ണമ്മൂലയിലുള്ള മധുവിന്റെ വീട്ടിലേക്കായിരുന്നു. ഷീലയെ മധുവും കുടുംബാംഗങ്ങളും മധുരം നൽകി സ്വീകരിച്ചു. ഒരുമിച്ച് അഭിനയിച്ച സിനിമകളുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവച്ചു.
ചെമ്മീൻ എന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു. തിക്കുറിശ്ശി ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം ഒപ്പമുണ്ടായിരുന്നു. ഫോട്ടോ എടുക്കാൻ നേരത്ത് കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ എന്ന മധുവിന്റെ കമന്റ് ചിരിപടർത്തി. എത്രതന്നെ, ആരെയൊക്കെ കണ്ടാലും നമ്മുടെ കൂടെ അഭിനയിച്ച ആൾക്കാരെ കണ്ടപ്പോഴുള്ള സന്തോഷം അതൊരു വേറെ തന്നെയാ അല്ലേ എന്ന ഷീലാമ്മയുടെ ചോദ്യത്തിന് മധു അതേ എന്ന ഭാവത്തിൽ തലയാട്ടി.
വീണ്ടും വരണം എന്ന് പറഞ്ഞ് തന്റെ കറുത്തമ്മയ്‌ക്ക് ആലിംഗനവും ചുംബനവും നൽകിയാണ് പരീക്കുട്ടി യാത്രയാക്കിയത്. സാഹിത്യമേഖലയിലെ സമഗ്ര സംഭാവയ്ക്കുള്ള ആദരവ് ഷീല സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂറിന് സമർപ്പിച്ചു.
Source link