പാലക്കാട്ട് കോൺഗ്രസിന് വീണ്ടും തിരിച്ചടി; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎമ്മിലേക്ക്

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ അതൃപ്‌തി തുടരുന്നു. സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് പാർട്ടി വിട്ടു. സിപിഎമ്മിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും പാലക്കാട് – വടകര – ആറന്മുള കരാർ കോൺഗ്രസും ആർഎസ്‌എസും തമ്മിലുണ്ട്. ഇതിന്റെ രക്തസാക്ഷിയാണ് കെ മുരളീധരനെന്നും ഷാനിബ് വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

ഷാനിബ് പറഞ്ഞത്:

ഈ കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരും. ഞാൻ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കും. ഡോ. പി സരിന്റെ വിജയത്തിനായി ഇനി പ്രവർത്തിക്കും.

പാലക്കാട്ട് ഒരു സമുദായത്തിൽപ്പെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണ്. ആ സമുദായത്തിൽ നിന്ന് ഞാൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിന് വേണ്ടി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻ ചാണ്ടി അസുഖ ബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻ ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി അത് അട്ടിമറിച്ച് വിഡി സതീശനൊപ്പം നിന്നു.

മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശൻ ആർഎസ്‌എസിന്റെ കാല് പിടിക്കുകയാണ്. വ്യക്തിപരമായ നേട്ടത്തിനല്ല പാർട്ടി വിടുന്നത്. ഉമ്മൻ ചാണ്ടി സാർ പോയശേഷം പാർട്ടിയിൽ പരാതി പറയാൻ ആളില്ലാത്ത സ്ഥിതിയാണ്. നിവർത്തികേട് കൊണ്ടാണ് പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നത്. രാഷ്‌ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാർട്ടിയിൽ നടക്കുന്നത്.


Source link
Exit mobile version