ബാഗിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ ജയിൽ ശിക്ഷവരെ അനുഭവിക്കേണ്ടി വരും; മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: യാത്രക്കാർക്ക് പുതിയ മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. ഉത്സവകാലമായതിനാൽ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. അതിനാൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചില സാധനങ്ങൾ കൂടെ കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ. ട്രെയിനിൽ പടക്കം പോലുള്ളവ കൊണ്ടുപോകുന്നതിനാണ് വിലക്ക്.

ദീപാവലി അവധി ആയതിനാൽ ആളുകൾ വീട്ടിലേക്ക് മടങ്ങുമ്പോൾ പടക്കവും മറ്റും കൂടെ കൊണ്ട് പോകാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇവ അപകടസാദ്ധ്യതയുള്ളതിനാലാണ് നിരോധിച്ചത്. റെയിൽവേ നിയമപ്രകാരം ഈ വസ്തുക്കൾ ട്രെയിനിൽ കയറ്റുന്നത് കുറ്റകരമാണ്. ആരെങ്കിലും ഇത്തരം പ്രവൃത്തി ചെയ്യുന്നുവെന്ന് കണ്ടെത്തിയാൽ 1000 രൂപ പിഴയോ മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

പടക്കങ്ങൾക്ക് പുറമെ ഗ്യാസ് സ്റ്റൗ, സിലിണ്ടർ, കത്തുന്ന രാസവസ്തുക്കൾ, ആസിഡുകൾ, ദുർഗന്ധം ഉള്ള വസ്തുക്കൾ എന്നിവയും ട്രെയിനിൽ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ഇവ യാത്രക്കാരുടെ പക്കൽ നിന്ന് പിടിച്ചെടുത്താൽ പിഴ ഈടാക്കുന്നതാണ്. ഇത്തരം വസ്തുക്കളുടെ തീപിടിത്ത സാദ്ധ്യത മാത്രമല്ല റെയിൽവേ കണക്കാക്കുന്നത്. ഈ വസ്തുക്കൾ സഹയാത്രികർക്ക് അസൗകര്യം ഉണ്ടാക്കുകയും ട്രെയിനിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തൽ.

ഉത്സവ സീസണിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഈ നിയമങ്ങൾ പാലിക്കുകയും നിരോധിത വസ്തുക്കളുമായുള്ള യാത്ര ഒഴിവക്കണമെന്നും റെയിൽവേ അധികൃതർ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ റെയിൽവേയുടെ ഔദ്യോഗിക പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

TAGS:
NEWS 360,
NATIONAL,
NATIONAL NEWS,
INDIANRAILWAY,
RAILWAY,
TRAIN,
CARRY,
ITEMS


Source link
Exit mobile version