297-6, ഏകദിനമല്ല ടി20യില്‍ ആണ്; ഹൈദരാബാദില്‍ സഞ്ജു സൂര്യ ഷോ, അടിച്ച് തൂഫാനാക്കി ഇന്ത്യ

ഹൈദരാബാദ്: 297-6, സ്‌കോര്‍ കാണുമ്പോള്‍ 50 ഓവര്‍ മത്സരമാണെന്ന് തോന്നാം പക്ഷേ ഇത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ സ്‌കോര്‍ ആണ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ സ്‌കോര്‍. മാത്രവുമല്ല അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഒരു ടെസ്റ്റ് പ്ലേയിംഗ് ടീം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ എന്ന റെക്കോഡും ഇന്ത്യ സ്വന്തം പേരിലാക്കി.
തകര്‍പ്പന്‍ സെഞ്ച്വറി 111(47) റണ്‍സ് നേടിയ മലയാളി താരം സഞ്ജു വി സാംസണ്‍ ആണ് ടോപ് സ്‌കോറര്‍. 11ഫോറുകളും എട്ട് സിക്‌സറുകളും നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മികച്ച പിന്തുണയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മലയാളി താരത്തിന് നല്‍കിയത്. 35 പന്തുകളില്‍ നിന്ന് എട്ട് ഫോറും അഞ്ച് സിക്‌സറുകളും സഹിതം സൂര്യ നേടിയത് 75 റണ്‍സ്. രണ്ടാം വിക്കറ്റില്‍ 79 പന്തുകളില്‍ നിന്ന് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 173 റണ്‍സ്.
സൂര്യയും സഞ്ജുവും പുറത്തായ ശേഷം ആക്രമണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് റിയാന്‍ പരാഗ് 34(13), ഹാര്‍ദിക് പാണ്ഡ്യ 47(18) സഖ്യം. ബംഗ്ലാദേശ് നിരയില്‍ പന്തെടുത്ത എല്ലാവരും തല്ല് വാങ്ങുന്ന കാഴ്ചയാണ് കണ്ടത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണത് കൊണ്ട് മാത്രമാണ് ഇന്ത്യയെ 300 എന്ന സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടയാന്‍ ബംഗ്ലാദേശിന് കഴിഞ്ഞത്.
20 ഓവറുകളില്‍ നിന്ന് 22 സിക്‌സറുകളും 25 ഫോറുകളും സഹിതം 47 ബൗണ്ടറികളാണ് ഇന്ത്യ അടിച്ചെടുത്തത്. ടി20 ക്രിക്കറ്റിലെ ഏറ്റവും വലി സ്‌കോര്‍ നേപ്പാളിന്റെ പേരിലാണ്. ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരെ 314 റണ്‍സാണ് അന്ന് നേപ്പാള്‍ അടിച്ചെടുത്തത്.
Source link