KERALAM

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണമില്ലെന്ന് ഗംഗാധരൻ # പരാതിയിലുള്ളത് കൃത്യവിലോപം

കണ്ണൂർ: എ.ഡി.എം നവീൻ ബാബു കൈക്കൂലി ചോദിച്ചിട്ടില്ലെന്നും അത്തരത്തിൽ പരാതി നൽകിയിട്ടില്ലെന്നും റിട്ട. അദ്ധ്യാപകൻ കണ്ണൂർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശി ഗംഗാധരൻ വെളിപ്പെടുത്തി.

എ.ഡി.എം അടക്കമുള്ള റവന്യു ഉദ്യോഗസ്ഥർ കൃത്യവിലോപം കാട്ടിയെന്നാണ് ഗംഗാധരൻ മുഖ്യമന്ത്രിക്ക് അടക്കം നൽകിയ പരാതിയിലുള്ളത്. അത് കണ്ണൂരിലെ ജനപ്രതിനിധികൾക്കും നൽകിയിരുന്നു.

നവീൻ ബാബുവിന്റെ അഴിമതി സംബന്ധിച്ച് പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും തന്നോട് ആക്ഷേപം ഉന്നയിച്ചിരുന്നെന്നും സെപ്തംബർ നാലിന് പരാതി നൽകിയിട്ടുണ്ടെന്നും പി.പി. ദിവ്യ തലശ്ശേരി കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സാഹചര്യത്തിലാണ് മാദ്ധ്യമങ്ങൾക്കുമുന്നിൽ ഗംഗാധരന്റെ വെളിപ്പെടുത്തൽ.

പുതുതായി വാങ്ങിയ 75 സ്ഥലത്തെ മണ്ണ് നീക്കുന്നതിന് എതിരായ സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിനെ കണ്ടിരുന്നു. മറ്റ് ചിലരുടെ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം പ്രവർത്തിച്ചതായി തോന്നി. അതിന്റെ അടിസ്ഥാനത്തിൽ

എ.ഡി.എം മുതൽ താഴേക്ക് റവന്യുശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെയാണ് വിജിലൻസിന് പരാതി നൽകിയത്.
പരിഹരിക്കാമായിരുന്നിട്ടും നവീൻ ബാബു നീതികാട്ടിയില്ല. മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിയുടെ ഓൺലൈൻ പോർട്ടലിലും പരാതി നൽകിയിരുന്നു.
കൈക്കൂലി നൽകിയിട്ടില്ലെങ്കിൽ വിജിലൻസിൽ പരാതി നൽകിയതെന്തിനാണെന്ന ചോദ്യത്തിന് മറുപടി നൽകിയില്ല.

സ്റ്റോപ് മെമ്മോ നൽകിയത്

നാട്ടുകാരുടെ പരാതിയിൽ

# പ്രദേശവാസികളാണ് ഗംഗാധരനെതിരെ വില്ലേജ് ഓഫീസർക്ക് നിവേദനം നൽകിയത്. അനധികൃതമായി മതിൽ കെട്ടി, വഴി തടഞ്ഞു തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ അയച്ചു.

# നാട്ടുകാരുടെ ആരോപണങ്ങൾ ശരിയല്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് സ്‌റ്റോപ്പ് മെമ്മോ നൽകിയതെന്നുമാണ് ഗംഗാധരന്റെ വാദം. എ.ഡി.എമ്മിനെ കണ്ടപ്പോൾ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് കിട്ടി നടപടി സ്വീകരിക്കാമെന്നാണ് പറഞ്ഞത്.

അഞ്ചോ ആറോ തവണ അദ്ദേഹത്തെ സമീപിച്ചു. ഡെപ്യൂട്ടി കളക്ടറെ സമീപിക്കൂവെന്നാണ് ഒടുവിൽ പറഞ്ഞത്. തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്ന് ഗംഗാധരൻ പറഞ്ഞു.

`അദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, എന്നോട് ക്രൂരത ചെയ്തു. അദ്ദേഹത്തോട് ബഹുമാനമുണ്ട്. കുടുംബത്തോട് സ്‌നേഹവും ആദരവും സങ്കടവുമുണ്ട്. ദിവ്യയുമായോ പെട്രോൾ പമ്പുമായോ എനിക്ക് ബന്ധമില്ല. ദിവ്യയെ പിന്തുണയ്ക്കുന്നുമില്ല, എതിർക്കുന്നുമില്ല. ഞാനൊരു ഇടതുപക്ഷ ആശയക്കാരനാണ്. ദിവ്യയെ നേരിട്ട് അറിയാം.”

-ഗംഗാധരൻ


Source link

Related Articles

Back to top button