KERALAMLATEST NEWS

ചിന്നസ്വാമിയില്‍ ‘കള്ളപിച്ച്’ പ്രതിഭാസം, ഇന്ത്യ 46ന് കൂടാരം കയറി; കിവികള്‍ ബാറ്റ് ചെയ്തപ്പോള്‍ ഒരു കുഴപ്പവുമില്ല

ബംഗളൂരു: മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് പോലെ തന്നെ നൈസായിട്ട് പാളിപ്പോയി. വെറും 46 റണ്‍സിന് പുകഴ്പറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിര ബാറ്റ് വെച്ച് കീഴടങ്ങിയപ്പോള്‍ പിറന്നത് ഹോം ടെസ്റ്റുകളില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍. ഇതിലും ചെറിയ സ്‌കോറിന് പുറത്തായത് അഡലെയ്ഡില്‍ ഓസീസുകാര്‍ 36 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്‍ഡ് ആകട്ടെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 180-3 എന്ന ശക്തമായ നിലയില്‍.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ 91(105) ആണ് ആണ് ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സിന്റെ അടിത്തറയിട്ടത്. 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടോം ലഥാം, 33 റണ്‍സെടുത്ത വില്‍ യങ്ങ് എന്നിവരുടെ വിക്കറ്റുകളും സന്ദര്‍ശകര്‍ക്ക് നഷ്ടമായിട്ടുണ്ട്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ 134 റണ്‍സ് ലീഡുണ്ട് അവര്‍ക്ക്. 22 റണ്‍സുമായി രചിന്‍ രവീന്ദ്ര, 14 റണ്‍സുമായി ഡാരില്‍ മിച്ചല്‍ എന്നിവരാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്. മൂന്നാം ദിനം എത്രയും വേഗം ന്യൂസിലാന്‍ഡിനെ പുറത്താക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് കൈവിട്ട് പോകുമെന്ന സ്ഥിതിയിലാണ് ബംഗളൂരു ടെസ്റ്റ്.

നേരത്തെ ടോസ് നേടിയ ഇന്ത്യയുടെ ബാറ്റിംഗ് ചെയ്യാനുള്ള തീരുമാനം ഏവരേയും ഞെട്ടിച്ചു. വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ ശക്തിപരീക്ഷണം നടത്തിയെന്ന വാദം ഉയര്‍ത്തിയാലും ചിന്നസ്വാമിയില്‍ ഉണ്ടായിരിക്കുന്നത് പെരിയ നാണക്കേടാണ്. ആദ്യ 45 മിനിറ്റില്‍ റണ്‍സ് കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടിയെങ്കിലും വിക്കറ്റ് പോകാതെ ശ്രദ്ധിക്കാന്‍ രോഹിത് – യശ്വസി സഖ്യത്തിന് കഴിഞ്ഞു. സ്‌കോറിംഗ് വേഗം കൂട്ടാനുള്ള ശ്രമത്തില്‍ നായകന്‍ രോഹിത് (2) ക്ലീന്‍ ബൗള്‍ഡ് ആയി പുറത്തായി. പിന്നീട് കണ്ടത് പവിലിയനിലേക്കുള്ള ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്ര.

വിരാട് കൊഹ്ലി, സര്‍ഫറാസ് ഖാന്‍, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നീ അഞ്ച് പ്രധാന താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. 20 റണ്‍സെടുത്ത ഋഷഭ് പന്ത്, 13 റണ്‍സെടുത്ത യശ്വസി ജയ്‌സ്‌വാള്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സിറാജ് (4*), ബുംറ (1), കുല്‍ദീപ് (2) റണ്‍സ് വീതം നേടി. 15 റണ്‍സ് വഴങ്ങിയ മാറ്റ് ഹെന്റി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. വില്യം ഒറൂക് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ടിം സൗത്തിക്കാണ് ശേഷിച്ച ഒരു വിക്കറ്റ് ലഭിച്ചത്. ഇവര്‍ മൂന്ന് പേരും മാത്രമാണ് കിവീസ് നിരയില്‍ ബൗള്‍ ചെയ്തതും.

ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ ബൗളിംഗ് പിച്ച്, ന്യൂസിലാന്‍ഡ് ബാറ്റ് ചെയ്തപ്പോള്‍ കാലാവസ്ഥ തെളിയുകയും ബാറ്റിംഗിന് അനുകൂലമായി മാറുകയും ചെയ്തു. ഇത് കള്ളക്കടല്‍ പ്രതിഭാസമെന്ന് പറയുന്നത്‌പോലെ കള്ളപിച്ച് പ്രതിഭാസമാണോയെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.


Source link

Related Articles

Back to top button