അവസാന പന്തില്‍ കൊഹ്ലി പുറത്ത്, തിരിച്ചടിച്ച് ഇന്ത്യ; ബംഗളൂരു ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ബംഗളൂരു: ആദ്യ ഇന്നിംഗ്‌സില്‍ 356 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ ന്യൂസിലാന്‍ഡിനെതിരെ തിരിച്ചടിച്ച് ഇന്ത്യ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 70 റണ്‍സെടുത്ത് നില്‍ക്കെ അവസാന പന്തില്‍ കൊഹ്ലിയുടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് നേരിയ തിരിച്ചടിയായി. ഗ്ലെന്‍ ഫിലിപ്‌സ് എറിഞ്ഞ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ പിടിച്ചാണ് വിരാട് മടങ്ങിയത്. 70 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്‍ പുറത്താകാതെ ക്രീസിലുണ്ട്. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്ക് 125 റണ്‍സ് കൂടി ഇനിയും നേടണം.

സ്‌കോര്‍ : ഇന്ത്യ 46& 231-3 | ന്യൂസിലാന്‍ഡ് 402-10

356 റണ്‍സ് കടവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശ്രദ്ധയോടെയാണ് തുടങ്ങിയത്. അജാസ് പട്ടേലിന്റെ പന്ത് സ്റ്റെപ്പ് ഔട്ട് ചെയ്ത് കൂറ്റനടിക്ക് ശ്രമിച്ച യശ്വസി ജയ്‌സ്‌വാള്‍ (35) പുറത്തായതോടെയാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിഞ്ഞത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (52)യ്ക്ക് ഒപ്പം 72 റണ്‍സാണ് യശ്വസ്‌വി ഒന്നാം വിക്കറ്റില്‍ നേടിയത്. സ്‌കോര്‍ 95ല്‍ എത്തിയപ്പോള്‍ അജാസിന്റെ പന്തില്‍ രോഹിത് ബൗള്‍ഡായി. പിന്നീടാണ് സര്‍ഫറാസ് – കൊഹ്ലി സഖ്യം ഒത്തുചേര്‍ന്നത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ രണ്ടാം ദിവസത്തെ സ്‌കോറായ 180ന് മൂന്ന് എന്ന നിലയില്‍ കളി പുനരാരംഭിച്ച ന്യൂസിലാന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാല് വിക്കറ്റുകള്‍ പെട്ടെന്ന് വീണപ്പോള്‍ 233-7 എന്ന സ്‌കോറിലായിരുന്നു അവര്‍. പിന്നീട് സെഞ്ച്വറി നേടിയ രചിന്‍ രവീന്ദ്ര (134) വാലറ്റത്ത് ടിം സൗത്തി (65)യെ കൂട്ടുപിടിച്ച് എട്ടാം വിക്കറ്റില്‍ നേടിയ 137 റണ്‍സ് കൂട്ടുകെട്ടാണ് ന്യൂസിലാന്‍ഡിന്റെ ലീഡ് 350 കടത്തിയത്. ഡാരില്‍ മിച്ചല്‍ (18), ടോം ബ്ലണ്ടല്‍ (5), ഗ്ലെന്‍ ഫിലിപ്‌സ് (14), മാറ്റ് ഹെന്റി (8) എന്നിവരുടെ വിക്കറ്റുകളാണ് രാവിലെ കിവീസിന് നഷ്ടമായത്.

അജാസ് പട്ടേല്‍ നാല് റണ്‍സ് നേടി പുറത്തായപ്പോള്‍ വില്‍ ഒറൂക് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. 157 പന്തുകളില്‍ നിന്ന് 13 പോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രചിന്‍ രവീന്ദ്രയുടെ ഇന്നിംഗ്‌സ്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം കിട്ടി.


Source link
Exit mobile version