ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ മനുഷ്യയിറച്ചി കഴിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി ഗാസയിൽനിന്നു രക്ഷപ്പെടുത്തിയ യസീദി വനിത ഫൗസിയ അമീൻ സീദോ. യസീദി ശിശുക്കളുടെ ശരീരമാണു ഭക്ഷിക്കേണ്ടിവന്നത്. ഒന്പതാം വയസിൽ ഐഎസ് തട്ടിക്കൊണ്ടുപോയ ഫൗസിയയെ രണ്ടാഴ്ച മുന്പ് യുഎസും ഇസ്രയേലും ചേർന്ന് ഗാസയിൽനിന്നു രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോൾ 21 വയസുള്ള ഫൗസിയ ഇറാക്കിലെ ബന്ധുക്കൾക്കൊപ്പം ചേർന്നെങ്കിലും വർഷങ്ങൾ നേരിട്ട ദുരനുഭവങ്ങൾ മറക്കാൻ കഴിയുന്നില്ല. ഐഎസ് ഭീകരർ 2014ലാണ് വടക്കൻ ഇറാക്കിലെ സിൻജാർ പ്രദേശത്തുള്ള യസീദി ന്യൂനപക്ഷങ്ങളെ ആക്രമിച്ചത്. മൂവായിരത്തിലധികം പുരുഷന്മാരെ വധിക്കുകയും ബാലികമാരും സ്ത്രീകളും അടക്കം ആറായിരം പേരെ തടവിലാക്കുകയും ചെയ്തു. സഹോദരങ്ങൾക്കൊപ്പമാണു ഫൗസിയയെ പിടിച്ചുകൊണ്ടുപോയത്. ഫൗസിയ ഉൾപ്പെടുന്ന സംഘത്തെ മൂന്നു ദിവസം പട്ടിണിക്കിട്ടശേഷം ചോറും ഇറച്ചിയും കഴിക്കാൻ നല്കി. ഇറച്ചിക്കു വിചിത്രമായ രുചിയായിരുന്നുവെന്നു ഫൗസിയ ഓർക്കുന്നു. പലർക്കും വയറുവേദനയുണ്ടായി. യസീദി ശിശുക്കളുടെ ശരീരമാണ് ഇപ്പോൾ കഴിച്ചതെന്നു ഭീകരർ പറഞ്ഞു. തലവെട്ടിയ ശിശുക്കളുടെ ചിത്രം കാണിച്ചുതന്നു. ഇതുകേട്ട് ഉടൻ ഹൃദയം സ്തംഭിച്ച ഒരു യസീദി വനിത വൈകാതെ മരിച്ചു. മറ്റൊരു വനിത ഒരു കുഞ്ഞിന്റെ കൈ തിരിച്ചറിഞ്ഞ്, ഇതു തന്റെ കുഞ്ഞാണെന്നു പറഞ്ഞു.
തുടർന്നുള്ള ഒന്പതു മാസം ഫൗസിയ ഉൾപ്പെടുന്ന യസീദി സംഘം ഐഎസ് തടവറയിലായിരുന്നു. സംഘത്തിലെ കുട്ടികൾ കുടിവള്ളത്തിലെ മാലിന്യം കാരണം മരിച്ചുവീണു. ഫൗസിയെ പിന്നീട് ജിഹാദി തീവ്രവാദികൾക്കു വിറ്റു. ഒട്ടേറെ തീവ്രവാദികൾക്കു തന്നെ കൈമാറിയതായി ഫൗസിയ പറയുന്നു. ഗാസയിലെ അബു അമർ അൽ മഖ്ദിസി എന്ന തീവ്രവാദിയുടെ കീഴിലാണ് അവസാനം എത്തിപ്പെട്ടത്. ഇയാളിൽനിന്നു രണ്ടു കുട്ടികൾ ഫൗസിയയ്ക്കുണ്ടായി. ഇസ്രേലി വ്യോമാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടപ്പോൾ ഓടി രക്ഷപ്പെട്ട ഫൗസിയയെ പിന്നീട് യുഎസ്-ഇസ്രേലി സംഘം കണ്ടെത്തുകയായിരുന്നു. ഫൗസിയയുടെ കുട്ടികൾ ഇപ്പോഴും ഗാസയിലാണ്. അറബ് മുസ്ലിംകളായിട്ടാണ് ഇവർ വളരുന്നത്. മോചിതയാകുംവരെ താൻ ലൈംഗിക അടിമയായിരുന്നുവെന്നു ഫൗസിയ കൂട്ടിച്ചേർത്തു.
Source link