പന്നു വധശ്രമം: വികാസ് ഇന്ത്യയിൽ തന്നെയെന്ന് യുഎസ്, കേന്ദ്രസർക്കാർ കാര്യങ്ങൾ തുറന്നു പറയണമെന്ന് കുടുംബം
പന്നു വധശ്രമം: വികാസ് ഇന്ത്യയിൽ തന്നെയെന്ന് യുഎസ്, കേന്ദ്രസർക്കാർ കാര്യങ്ങൾ തുറന്നു പറയണമെന്ന് കുടുംബം – Gurpatwant Singh Pannun murder: Vikas Yadav is in India says US | India News, Malayalam News | Manorama Online | Manorama News
പന്നു വധശ്രമം: വികാസ് ഇന്ത്യയിൽ തന്നെയെന്ന് യുഎസ്, കേന്ദ്രസർക്കാർ കാര്യങ്ങൾ തുറന്നു പറയണമെന്ന് കുടുംബം
മനോരമ ലേഖകൻ
Published: October 21 , 2024 12:30 AM IST
Updated: October 20, 2024 11:17 PM IST
1 minute Read
രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണെന്ന കാര്യം അറിയില്ലെന്നു കുടുംബം
വികാഷ് യാദവ്
പ്രാൺപുര (ഹരിയാന)∙ ഖലിസ്ഥാൻ സംഘടനാ നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ യുഎസിൽ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിന് (വികാഷ് യാദവ് –39) എതിരെ കുറ്റം ചുമത്തിയ യുഎസ് നടപടിക്കെതിരെ വികാസിന്റെ കുടുംബം രംഗത്തെത്തി.
തനിക്കെതിരെയുള്ളത് വ്യാജവാർത്തകളാണെന്നു വികാസ് പറഞ്ഞതായി ബന്ധു അവിനാശ് യാദവ് വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രസർക്കാർ തങ്ങളെ പിന്തുണയ്ക്കണമെന്നും എന്താണു സംഭവിച്ചതെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ‘വികാസ് സിആർപിഎഫിൽ ഡപ്യൂട്ടി കമൻഡാന്റ് ആണെന്നാണു പറഞ്ഞത്. 2009ൽ സേനയിൽ ചേർന്ന അദ്ദേഹം പാരാട്രൂപ്പറായും പരിശീലനം നേടി. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് എന്നതിനെപ്പറ്റി ഞങ്ങൾക്കറിയില്ല’– അവിനാശ് പറഞ്ഞു. എന്നാൽ, വികാസ് എവിടെയാണെന്ന ചോദ്യത്തിന് അക്കാര്യം അറിയില്ലെന്നാണ് അവിനാശിന്റെ മറുപടി. അതിർത്തി രക്ഷാസേനാ ഉദ്യോഗസ്ഥനായിരുന്നു വികാസിന്റെ അച്ഛൻ. 2007ൽ സർവീസിലിരിക്കെ മരിച്ചു. സഹോദരൻ ഹരിയാന പൊലീസിലാണ്.
വികാസ് യാദവ് ഇന്ത്യയുടെ രാജ്യാന്തര രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ (റിസർച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥനാണെന്നാണ് യുഎസ് വാദം. യുഎസ് പൗരത്വമുള്ള പന്നുവിനെ കൊല്ലാൻ വാടകക്കൊലയാളിയെ നിയോഗിച്ചെന്ന കുറ്റത്തിന് ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത 2023 ജൂണിൽ അറസ്റ്റിലായിരുന്നു. വികാസിന്റെ നിർദേശപ്രകാരമാണ് ഇതെന്നു വ്യക്തമാക്കിയ യുഎസ്, ക്വട്ടേഷനു പ്രതിഫലമായി വാഗ്ദാനം ചെയ്ത ഒരു ലക്ഷം ഡോളറിൽ 15,000 ഡോളർ കൈമാറിയതിന്റെ ചിത്രവും പുറത്തുവിട്ടു. വികാസ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥനല്ലെന്നു വ്യക്തമാക്കിയ ഇന്ത്യ, അദ്ദേഹം ‘റോ’യിൽ ജോലി ചെയ്തിരുന്നോ എന്നു സ്ഥിരീകരിച്ചിട്ടില്ല. ഒളിവിലുള്ള വികാസ് ഇന്ത്യയിൽ തന്നെയാണെന്നാണ് യുഎസ് നിഗമനം.
English Summary:
Gurpatwant Singh Pannun murder: Vikas Yadav is in India says US
mo-news-world-countries-india 4g2gmbbb8vsjq21d89ufuk29hc mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-crime-murder mo-news-world-countries-unitedstates
Source link