ലോകത്തിന്റെ നെറുകയിൽ കിവീസ്
ദുബായ്: ലോകത്തിന്റെ നെറുകയിൽ കിവീസ് വനിതകൾ. 2024 ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനു ജയം. ട്വന്റി-20 ലോകകപ്പ് ട്രോഫിയിൽ കിവീസിന്റെ കന്നി മുത്തമാണ്. ദക്ഷിണാഫ്രിക്കയെ 32 റൺസിനു കീഴടക്കിയാണ് ന്യൂസിലൻഡ് ലോക ചാന്പ്യന്മാരായത്. തുടർച്ചയായ രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ പരാജയപ്പെടുന്നത്. ന്യൂസിലൻഡ് 2009, 2010 എഡിഷനുകളിൽ ഫൈനലിൽ കളിച്ചെങ്കിലും ട്രോഫിയിൽ മുത്തംവയ്ക്കാൻ സാധിച്ചിരുന്നില്ല. 2000 ഐസിസി ഏകദിന ലോകകപ്പ് ജേതാക്കളാണ് ന്യൂസിലൻഡ്.
ദുബായിൽ നടന്ന ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ന്യൂസിലൻഡ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ഒന്പതു വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റും 38 പന്തിൽ 43 റൺസും നേടിയ ന്യൂസിലൻഡിന്റെ അമേലിയ കേറാണ് പ്ലെയർ ഓഫ് ദ മാച്ച്. പ്ലെയർ ഓഫ് ദ ടൂർണമെന്റും കേറാണ്. പുരുഷ-വനിതാ വിഭാഗത്തിൽ ന്യൂസിലൻഡിന്റെ കന്നി ട്വന്റി-20 ലോകകപ്പ് നേട്ടമാണ്.
Source link